സിയോൾ
യുഎസുമായുള്ള നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത തള്ളി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. അമേരിക്കയുമായി സംഘട്ടനത്തിനും സംസാരത്തിനും തയ്യാറാണെന്ന കിം ജോങ് ഉന്നിന്റെ പ്രസ്താവനയിൽ ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്ന സൂചനയുണ്ടെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അവർ. തങ്ങൾക്ക് അനുകൂലമായ വിധത്തിലാണ് സാഹചര്യങ്ങളെ അമേരിക്ക വ്യാഖ്യാനിക്കുന്നത്. ഉത്തര കൊറിയയുമായുള്ള നയതന്ത്ര ചർച്ചകൾ ഉടൻ ആരംഭിക്കാമെന്ന പ്രതീക്ഷ അമേരിക്കയെ വലിയ നിരാശയിലെത്തിക്കുമെന്നും അവർ പറഞ്ഞു. ഉത്തര കൊറിയയുടെ ചുമതലയുള്ള യുഎസ് സ്ഥാനപതി സുങ് കിങ്ങിന്റെ സിയോൾ സന്ദർശനത്തിനിടെയാണ് കിം യോ ജോങ്ങിന്റെ പ്രതികരണം.
ഇതുവരെ കോവിഡ് ഇല്ല
രാജ്യത്ത് ഇതുവരെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉത്തര കൊറിയ. ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് പരാമർശം.