തിരുവനന്തപുരം: കൊല്ലത്ത് വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പോലീസ് ക്രമീകരിച്ച പുതിയ സംവിധാനത്തിലേക്ക് പരാതികളുടെ പ്രവാഹം. സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന സ്റ്റേറ്റ് നോഡൽ ഓഫീസർകൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിക്ക് ബുധനാഴ്ച 108 പരാതികൾ ലഭിച്ചു. മൊബൈൽ ഫോണിലൂടെയാണ് ഇന്നുമാത്രം ഇത്രയധികം പരാതികൾ ലഭിച്ചത്.
ഗാർഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇ-മെയിൽ വഴി ഇന്ന് 76 പരാതികൾ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈൽ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ബുധനാഴ്ച വൈകിട്ട് ഏഴുമണിവരെയുള്ള കണക്കാണിത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച പരാതികൾ നൽകുന്നതിന് അപരാജിത സംവിധാനം ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
9497999955 എന്ന നമ്പറിൽസ്റ്റേറ്റ് നോഡൽ ഓഫീസറെ പരാതി അറിയിക്കാം.ഗാർഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾaparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ഫോൺ 9497996992.
content highlights:dowry issues, state nodel officer received 108 complaints