ബ്രസീലിയ
നിറംമങ്ങിയ ജയത്തോടെ അർജന്റീന കോപ അമേരിക്ക ഫുട്ബോളിന്റെ ക്വാർട്ടറിൽ കടന്നു. പരാഗ്വേയെ ഒരു ഗോളിന് മറികടന്നായിരുന്നു ലയണൽ മെസിയുടെയും സംഘത്തിന്റെയും മുന്നേറ്റം. പാപു ഗോമെസാണ് വിജയഗോളടിച്ചത്.
ഗ്രൂപ്പ് എയിൽനിന്ന് ചിലിയും അവസാന എട്ടിലെത്തി. ഉറുഗ്വേയുമായി സമനിലയിൽ പിരിയുകയായിരുന്നു (1–-1). ഗ്രൂപ്പിൽ മൂന്ന് കളിയിൽ രണ്ടാംജയം നേടിയാണ് അർജന്റീന മുന്നേറിയത്. പരിശീലകൻ ലയണൽ സ്കലാേണിക്കുകീഴിൽ തോൽവിയറിയാതെ 16 മത്സരവും പൂർത്തിയാക്കി.
പരാഗ്വേയ്ക്കെതിരെ ജയിച്ചെങ്കിലും പ്രകടനത്തിൽ വലിയ സന്തോഷമുണ്ടാകില്ല സ്കലോണിക്ക്. ഒരു ഗോൾ തുടക്കത്തിൽ നേടിയശേഷം കളിയിൽ ഒരു നിയന്ത്രണവും അർജന്റീനയ്ക്കുണ്ടായില്ല. പ്രതിരോധത്തിൽ നഹുവേൽ മൊളീനയുടെയും ജർമൻ പസെല്ലെയുടെയും പ്രകടനമാണ് അവരെ കാത്തത്.
ഉറുഗ്വേയ്ക്കെതിരെ കളിച്ച ടീമിൽ ആറ് മാറ്റങ്ങളുണ്ടായി. ലൗതാരോ മാർട്ടിനെസ്, റോഡ്രിഗോ ഡി പോൾ, നിക്കോളാസ് ഒട്ടമെൻഡി, ജിയോവാനി ലൊ സെൽസോ, നിക്കോളാസ് ഗൊൺസാലെസ്, മാർകോസ് അക്യുന എന്നിവർ ഇറങ്ങിയില്ല. പരിചയസമ്പത്തുള്ള സെർജിയോ അഗ്വേറോയും ഏയ്ഞ്ചൽ ഡി മരിയയും ഉൾപ്പെട്ടു. പാപു ഗോമെസിനും ഇടംകിട്ടി.
കളി തുടങ്ങി പത്താം മിനിറ്റിൽ അർജന്റീന മുന്നിലെത്തി. മധ്യവരയ്ക്ക് തൊട്ടുമുന്നിൽനിന്ന് മെസി തുടങ്ങി. മെസി ഡി മരിയയിലേക്ക്. ബോക്സിന് മുന്നിൽവച്ച്, സ്ഥാനം തെറ്റിനിന്ന പരാഗ്വേ പ്രതിരോധത്തിനുള്ളിലൂടെ ഡി മരിയ പന്ത് തട്ടിയിട്ടു. പാപു ഗോമെസ് അനായാസം വല കാണുകയും ചെയ്തു. എന്നാൽ, തുടർന്നുള്ള മിനിറ്റുകളിൽ അർജന്റീന മങ്ങി. പരാഗ്വേൻ മുന്നേറ്റത്തിനുമുന്നിൽ മറുപടിയുണ്ടായില്ല. മെസിക്കും അഗ്വേറോയ്ക്കും ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല. മധ്യനിരയും മുന്നേറ്റവും നിറംകെട്ടു. മറുവശത്ത് അലസാൻഡ്രോ റെമേറൊയും മിഗ്വേൽ അൽമിറോണും അർജന്റീന പ്രതിരോധത്തെ വെല്ലുവിളിച്ചു.
29ന് ബൊളീവിയയുമായിട്ടാണ് അർജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം. ഉറുഗ്വേയ്ക്കെതിരെ അർട്യൂറോ വിദാലിന്റെ പിഴവുഗോളാണ് ചിലിയുടെ ജയം തടഞ്ഞത്. എഡ്വേർഡോ വർഗാസ് ചിലിയുടെ ഗോളടിച്ചു.