കോപൻഹേഗൻ
ഒമ്പതുനാൾ മുമ്പ് ഹൃദയം നിശ്ചലമായതായിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരൻ പിടഞ്ഞുവീഴുന്നത് നിസ്സഹായരായി, നിറകണ്ണുകളോടെ കണ്ടുനിന്നവർ. കോപൻഹേഗനിലെ ആ രാത്രിയിൽ ക്രിസ്റ്റ്യൻ എറിക്സണിന്റെമാത്രമല്ല ഡെൻമാർക്ക് ടീമിന്റെതന്നെ ഭാവി ഇരുട്ടിലായി. കൂട്ടുകാരന്റെ തളർച്ചയിൽ കാസ്പെർ ഹുൽമണ്ടിന്റെ സംഘവും തളർന്നു.
ഫിൻലൻഡിനോട് ഒറ്റഗോൾ തോൽവിയായിരുന്നു. ബൽജിയത്തിനെതിരെ പൊരുതി. പക്ഷേ 1–-2ന് വീണു. കളിച്ച രണ്ടിലും തോറ്റ് ഗ്രൂപ്പിൽ ഏറ്റവും അവസാനക്കാരായി ഡെൻമാർക്ക്. ലോകമാകെ വിധിയെഴുതി; ഈ യൂറോയിൽ ഇനി ഡാനിഷുകാർ ഇല്ല. ഗ്രൂപ്പുഘട്ടം കടക്കില്ല.
എറിക്സൺ വീണുകിടന്ന അതേ പാർകെൻ സ്റ്റേഡിയത്തിൽ ഒമ്പതുനാൾ കഴിഞ്ഞ് ഡെൻമാർക്ക് അവസാന മത്സരത്തിനിറങ്ങി. എതിരാളി റഷ്യ. കൂട്ടുകാരന്റെ ഹൃദയം തകർന്ന ഓർമകളിൽ വിതുമ്പുകയായിരുന്നില്ല അവർ. കാലുകൾ യന്ത്രങ്ങളാക്കി. ആ നിശ്ചയദാർഢ്യത്തിനും സമർപ്പണത്തിനും മുന്നിൽ റഷ്യക്ക് മറുപടിയുണ്ടായിരുന്നില്ല. 38–-ാംമിനിറ്റിൽ മൈക്കെൽ ദാംസ്ഗാർഡ് തുടങ്ങിവച്ചു. യൂസഫ് പോൾസെൻ, ആൻഡ്രിയാസ് ക്രിസ്റ്റ്യൻസെൻ, ജോവാകിം മെലെ എന്നിവർ പൂർത്തിയാക്കി. 4–-1ന്റെ ജയം. ഇതിനിടെ സെന്റ് പീറ്റേഴ്സ്ബർഗിൽ ഫിൻലൻഡ് ബൽജിയത്തോട് രണ്ട് ഗോളിന് തോറ്റ വാർത്തയെത്തി. ഹുൽമണ്ടിന്റെ ചുണക്കുട്ടികൾ അപ്രാപ്യമെന്ന് തോന്നിയ ആ ലക്ഷ്യം സ്വന്തമാക്കി.
ഗോൾ ശരാശരിയിൽ മുന്നേറി രണ്ടാമൻമാരായി പ്രീ ക്വാർട്ടറിൽ. കോപൻഹേഗനിലെ സ്വന്തം കാണികൾ അവരുടെ വീരൻമാരെ വാഴ്ത്തി. അവരുച്ചത്തിൽ പാടി ‘ഡെൻമാർക്ക് ചാരത്തിൽനിന്ന് ഉയർന്നുവന്നിരിക്കുന്നു’.
നാടോടിക്കഥകളെ അനുസ്മരിപ്പിക്കുംവിധമായിരുന്നു ഡെൻമാർക്കിന്റെ യൂറോ യാത്ര. ദുരന്തകഥയിൽനിന്ന് തുടങ്ങി ആനന്ദത്തിന്റെ, ശുഭകരമായ അന്ത്യം.
ആശുപത്രിക്കിടക്കയിൽനിന്ന്, നേരിട്ട് പരിശീലനക്കളത്തിൽ എത്തിയും എറിക്സൺ കൂട്ടുകാർക്ക് ആശംസ നേർന്നു, നന്ദി പറഞ്ഞു. ‘ദുരന്തരാത്രിയിൽനിന്ന് ആനന്ദത്തിന്റെ രാത്രിയിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. കൂടെനിന്ന് സ്നേഹം തന്നവർക്കെല്ലാം നന്ദി. എല്ലാം കളിക്കാർക്കുള്ളതാണ്. എത്ര ഊർജത്തോടെയാണ് അവർ ആ നിമിഷത്തെ തരണം ചെയ്തത്. എന്റെ കുട്ടികളെ ഓർത്ത് അഭിമാനിക്കുന്നു’–- ഡെൻമാർക്ക് പരിശീലകൻ ഹുൽമണ്ട് മത്സരശേഷം പ്രതികരിച്ചു. 26ന് പ്രീ ക്വാർട്ടറിൽ വെയ്ൽസാണ് എതിരാളി. കാത്തിരിക്കാം അത്ഭുതങ്ങൾക്ക്.