സെന്റ് പീറ്റേഴ്സ്ബർഗ്
നോക്കൗട്ടിലേക്കുള്ള അവസാന ഒരുക്കവും ബൽജിയം ആഡംബരമാക്കി. ഫിൻലൻഡിനെ രണ്ട് ഗോളിന് തകർത്ത്, ഗ്രൂപ്പ് ബിയിൽ ചാമ്പ്യൻമാരായി മുന്നേറ്റം.
പരിശീലകൻ റോബർട്ടോ മാർട്ടിനെസിന് കളിയുടെ ഫലത്തേക്കാൾ കളത്തിലെ പ്രകടനം ഏറെ സന്തോഷം നൽകും. മധ്യനിരക്കാരൻ ഏദെൻ ഹസാർഡ് പൂർണ ആരോഗ്യവാനായി കളംനിറഞ്ഞ് കളിച്ചതാണ് അതിൽ പ്രധാനം. കെവിൻ ഡി ബ്രയ്ന്റെ മാന്ത്രികനീക്കങ്ങളും റൊമേലു ലുക്കാക്കുവിന്റെ ഫിനിഷിങ് പാടവവും ബൽജിയത്തിന് കിരീടത്തിലേക്കുള്ള മോഹങ്ങളാണ് നൽകുന്നത്.
ബൽജിയത്തിന്റെ സുവർണ തലമുറ മനോഹരമായി കളിച്ച മൂന്നു മത്സരങ്ങളാണ് കഴിഞ്ഞുപോയത്. നോക്കൗട്ടിലും ഡി ബ്രയ്നും ഹസാർഡുമെല്ലാം തിളങ്ങിയാൽ ബൽജിയത്തിന് കുതിക്കാം. ഫിൻലൻഡ് കടുത്ത പ്രതിരോധമായിരുന്നു തീർത്തത്. ആദ്യകളിയിൽ ഡെൻമാർക്കിനെ തോൽപ്പിച്ച് കിട്ടിയ മൂന്ന് പോയിന്റ് ഫിൻലൻഡിന്റെ സാധ്യതകൾ ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ്. മികച്ച മൂന്നാംസ്ഥാനക്കാരായി കടക്കാമെന്ന പ്രതീക്ഷയുണ്ട് യൂറോയിലെ കന്നിക്കാർക്ക്. ബൽജിയത്തിനെതിരെ കളിയവസാനിക്കാൻ 16 മിനിറ്റ് ശേഷിക്കെയാണ് ഫിൻലൻഡ് ഗോൾ വഴങ്ങിയത്. ഗോൾ കീപ്പർ ലൂക്കാസ് ഹ്രഡെക്കിയുടെ പിഴവുഗോളായിരുന്നു അത്. ഏഴുമിനിറ്റിനുള്ളിൽ ലുക്കാക്കു ഫിൻലൻഡിന്റെ ശേഷിച്ച വീര്യം കെടുത്തി.
പതിനേഴ് ഷോട്ടുകളായിരുന്നു ബൽജിയം തൊടുത്തത്. ഏഴെണ്ണം ലക്ഷ്യത്തിലേക്ക്. പാസുകൾ നൽകുന്നതിൽ ഹസാർഡായിരുന്നു മിടുക്കൻ. നാല് ഷോട്ടുകൾ പായിച്ചു. രണ്ടെണ്ണം ലക്ഷ്യത്തിലേക്ക്. അതിലൊന്ന് ഹ്രഡെക്കി ആയാസപ്പെട്ട് തടയുകയായിരുന്നു. പതിവുപോലെ ഡി ബ്രയ്ൻ–-ലുക്കാക്കു സഖ്യം കളിയിലെ വേഗത്തിലാക്കി. പ്രീ ക്വാർട്ടറിൽ എ,ഡി, ഇ, എഫ് എന്നീ ഗ്രൂപ്പുകളിലൊന്നിലെ മൂന്നാംസ്ഥാനക്കാരായിരിക്കും ബൽജിയത്തിന്റെ എതിരാളികൾ.