മോസ്കോ
മഹത്തായ ദേശാഭിമാന യുദ്ധ ആരംഭത്തിന്റെ എൺപതാം വാർഷികം ആചരിച്ച് റഷ്യ. രണ്ടാം ലോക യുദ്ധത്തിലേക്ക് സോവിയറ്റ് യൂണിയനെ വലിച്ചിഴച്ച നാസി ആക്രമണത്തിൽ 2.7 കോടി സോവിയറ്റ് ജനതയുടെ ജീവൻ നഷ്ടമായി. യുദ്ധം തുടങ്ങിയ 1941 ജൂൺ 22 റഷ്യൻ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണമായ നാൾ ആയിരുന്നെന്ന് മെയ് ഒമ്പതിന്റെ വിജയദിന പ്രസംഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു.
1941 മുതൽ 1945 വരെയായിരുന്നു യുദ്ധം. യുദ്ധപ്രഖ്യാപനംപോലും ഇല്ലാതെ 1941 ജൂൺ 22ന് 30 ലക്ഷം ജർമൻ പട്ടാളക്കാർ സോവിയറ്റ് യൂണിയനിലേക്ക് ഇരച്ചുകയറി. ഫാസിസ്റ്റ് ശക്തികൾ ഓപ്പറേഷൻ ബാർബറോസ എന്ന് പേരിട്ട ദൗത്യം എത്രയും പെട്ടെന്ന് സോവിയറ്റ് യൂണിയനെ തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു. മോസ്കോയ്ക്ക് അടുത്തുവച്ച് ശക്തമായ പ്രത്യാക്രമണം നടത്തിയ സോവിയറ്റ് ചെമ്പട നാസി സൈന്യത്തെ തുരത്തിയോടിച്ചു. നാലുവർഷം നീണ്ട സോവിയറ്റ് ജനതയുടെ മഹത്തായ ദേശാഭിമാന യുദ്ധമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. സോവിയറ്റ് മുന്നേറ്റത്തിൽ പിടിച്ചുനിൽക്കാനാകാതെ ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. യുദ്ധത്തിൽ 1710 സോവിയറ്റ് നഗരവും 70,000 ഗ്രാമവും തകർന്നു. എട്ടുലക്ഷം സൈനികർ കൊല്ലപ്പെട്ടു.
ഓർമപുതുക്കലിന്റെ ഭാഗമായി മോസ്കോയിലെ സെലാനെയ റെക പാർക്കിൽ യുദ്ധചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ആഗസ്ത് 29വരെയാണ് ‘ജയിക്കാനായി ജീവിക്കുക’ എന്ന് പേരിട്ട പ്രദർശനം. ഫോട്ടോഗ്രാഫർ യെവ്ഗെനി ഖാൽഡേയുടെ ‘യുദ്ധത്തിന്റെ ആദ്യദിനം’ ഉൾപ്പെടെയുള്ള അപൂർവചിത്രങ്ങളാണ് ഉള്ളത്.