ന്യൂഡൽഹി
കശ്മീർ സാഹചര്യം ചർച്ചചെയ്യുന്നതിന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ഗുപ്കാർ സഖ്യം തീരുമാനിച്ചു. സഖ്യത്തെ പ്രതിനിധാനംചെയ്ത് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഡോ. ഫാറൂഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ് യൂസഫ് തരിഗാമി എന്നിവർ പങ്കെടുക്കും. ശ്രീനഗറിൽ ചൊവ്വാഴ്ച ചേർന്ന ഗുപ്കാർ സഖ്യം പാർടികൾ ജമ്മു–-കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തിന് മുമ്പാകെ ഉന്നയിക്കാനും തീരുമാനമെടുത്തു. സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, രാഷ്ട്രീയ തടവുകാരെ വിട്ടയക്കൽ തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവയ്ക്കും.
ജമ്മു–-കശ്മീരിലെ ജനങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കുമെന്ന് ഗുപ്കാർ സഖ്യം വക്താവ് കൂടിയായ തരിഗാമി ദേശാഭിമാനിയോട് പറഞ്ഞു. യോഗത്തിന് പ്രത്യേകിച്ച് അജണ്ട നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് പ്രത്യേക പദവി പുനഃസ്ഥാപിക്കണം എന്നതടക്കമുള്ള ഗുപ്കാർ സഖ്യം നിലപാടുകൾ രാജ്യത്തെ വലിയ നേതാക്കൾക്ക് മുമ്പാകെ അവതരിപ്പിക്കും. കശ്മീർ ജനതയുടെ പരാതിയുമായിട്ടാകും തങ്ങൾ പോവുക. ഭരണഘടനപ്രകാരം തങ്ങൾക്ക് ലഭിച്ചിരുന്ന അവകാശങ്ങളാണ് കവർന്നെടുക്കപ്പെട്ടത്. അവ തിരിച്ചുനൽകണമെന്ന് ആവശ്യപ്പെടും. സംസ്ഥാന പദവി, നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങിയവ കേന്ദ്രത്തിന്റെ ഔദാര്യമല്ല. അതെല്ലാം ജമ്മു–-കശ്മീരിന്റെ അവകാശങ്ങളാണ്–- തരിഗാമി പറഞ്ഞു. പ്രത്യേക പദവിയും സംസ്ഥാന പദവിയും കേന്ദ്രത്തിന് മുമ്പാകെ ആവശ്യപ്പെടുമെന്ന് ഫാറൂഖ് അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പറഞ്ഞു.