മെൽബൺ സ്വദേശിയും, ഒഐസിസി(വിക്ടോറിയ) മുൻ പ്രസിഡന്റുമായ ജോസഫ് പീറ്ററുടെ ഭാര്യ സഹോദരൻ ബിനോയ് വർക്കി (41 വയസ്) ഇന്നലെ അങ്കമാലി L.F ഹോസ്പിറ്റലിൽ വച്ച് കോവിഡ് മൂലമുണ്ടായ ന്യൂമോണിയ ബാധിച്ച് നിര്യാതനായി. അങ്കമാലി സ്വദേശിനിയായ നൈനയാണ് ഭാര്യ . രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇരട്ടകുട്ടികളായ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ബിനോയിയുടെ ഏകസഹോദരി – ബിൻസി വർക്കി- ഓസ്‌ട്രേലിയയിൽ മെൽബണിൽ ഡിവിഷൻ വൺ നേഴ്‌സായി ജോലി ചെയ്യുന്നു.
നെടുമ്പാശേരി എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിങ് സെക്ഷനിലെ ജീവനക്കാരനായിരുന്നു ബിനോയ് വർക്കി.
മാതാവായ ഏലിയാമ്മ വർക്കി കോവിഡ് ചികിത്സയിൽ ഇപ്പോഴും ആശുപത്രിയിൽ ആണ് . പിതാവായ മാവേലി കരുമത്തി വർക്കിയും കോവിഡ് വിമുക്തനായിട്ട് ചുരുങ്ങിയ ദിവസങ്ങളേ ആയിട്ടുള്ളൂ . നെടുമ്പാശ്ശേരി സ്വദേശികളായിരുന്ന ഇവർ എയർപോർട്ടിന് വേണ്ടി സ്‌ഥലം വിട്ടുകൊടുത്ത് , അയൽദേശവും, പ്രകൃതി ഗ്രാമവുമായ ഏഴാറ്റുമുഖത്തിനടുത്തുള്ള മുന്നൂർപ്പിള്ളിയിൽ സ്‌ഥലം വാങ്ങി താമസിച്ചു വരികയായിരുന്നു.
ബിനോയിയുടെ ഭൗതീക ശരീര സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു, ഇന്നലെ സായാഹ്നത്തിൽ – മുന്നൂർപ്പിള്ളി, കാൽവരി സെന്റ് : ജോർജ്ജ് പള്ളിയിൽ മതപരമായ ചടങ്ങുകളോടെ നടത്തി.
രാജ്യാന്തര വ്യോമയാന അതിർത്തികൾ അടച്ചിട്ടിരിക്കുന്നത് മൂലം നാട്ടിൽ പോകാനാകാതെ ദുഖാർത്തരായ ജോസഫിനും, ബിൻസിക്കും ആശ്വാസമേകികൊണ്ട് ഉറ്റ സുഹൃത്തുക്കൾ വിക്ടോറിയൻ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൂടെയുണ്ട് .
സ്വന്തം കുടുംബത്തിലെ ഒരാളുടെ വിയോഗംപോലെയാണ് തങ്ങുൾക്കുള്ളതെന്ന് , പ്രവാസത്തിലും/സ്വദേശത്തും ജോസെഫിന്റെ അയൽവാസിയും, അഞ്ചുമന കൂട്ടായ്മയിലെ മുതിർന്ന അംഗവുമായ ബിജു ജോസഫ് അഭിപ്രായപ്പെട്ടു. അവധിക്കാലങ്ങളിൽ നാട്ടിൽ ചെല്ലുമ്പോൾ സ്വന്തം അനിയനെപ്പോലെ കൂടെ കൂട്ടുമായിരുന്ന ഒരാളെയാണ് തങ്ങൾക്കു നഷ്ടമായതെന്ന് അഞ്ചുമന കൂട്ടായ്മയിലെ ഇതര അംഗങ്ങളായ ഷിജു വർഗീസ്, ഷൈജു ദേവസ്സി, പ്രതീഷ് മാർട്ടിൻ എന്നിവർ കൂട്ടിച്ചേർത്തു.
സമൂഹത്തിലെ നാനാ തുറകളിൽ പെട്ടവർ ജോസഫിനും , ബിൻസിക്കും അനുശോചന സന്ദേശങ്ങൾ അറിയിക്കുന്നുണ്ട് .