കടലുണ്ടി: ഇരുപതുവർഷം മുമ്പുണ്ടായ കടലുണ്ടി തീവണ്ടിയപകടം ഓർത്തെടുക്കുമ്പോൾ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളിന്റെ വാക്കുകളിൽ ഇപ്പോഴും ഇടർച്ചയുണ്ട്. കണ്ണൂർ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ മലയാളം അധ്യാപകനായിരുന്നു അന്ന് അനിൽ വള്ളത്തോൾ. നാടായ തിരൂരിലെ മംഗലത്തേക്ക് എല്ലാ വെള്ളിയാഴ്ചയും മദ്രാസ് മെയിലിലാണ് വരാറുണ്ടായിരുന്നത്. അന്നും കോളേജിലെ ഫിസിക്സ് അധ്യാപകനായ പ്രദീപ്കുമാറിനൊപ്പം കണ്ണൂരിൽനിന്ന് മദ്രാസ് മെയിലിൽ കയറി.
മദ്രാസ് മെയിൽ 5.15-ഓടെ കടലുണ്ടിപ്പാലം പിന്നിട്ടു. അനിൽ കയറിയ ബോഗിയടക്കം മറുകര താണ്ടിയപ്പോഴാണ് അവർ ആ ശബ്ദംകേട്ടത്. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ ഒരു പുക. പിന്നെ പുഴവെള്ളം ഉയരുന്നതുകണ്ടു.
ഇവരോടൊപ്പം കമ്പാർട്ട്മെന്റിലുണ്ടായിരുന്ന ഒരു നേവി ഉദ്യാഗസ്ഥൻ കമ്പാർട്ട്മെന്റിൽനിന്ന് ഇറങ്ങിയോടുന്നു. പിന്നെ പുഴയിലേക്ക് ചാടി. പുഴയോരത്ത് നങ്കൂരമിട്ട തോണികളും പുഴയിലേക്ക് കുതിച്ചു. അല്പനേരം കഴിഞ്ഞാണ് അപകടത്തെക്കുറിച്ച് മനസ്സിലായത്.
ഡോ. അനിൽ വള്ളത്തോൾ
രാത്രി പത്തോടെ അനിൽ, തിരൂർ മംഗലത്തെ വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയും ഭാര്യയും ബന്ധുക്കളുമെല്ലാം കണ്ണീരണിഞ്ഞ് കാത്തിരിപ്പിലായിരുന്നു.
അനിലിനെ അന്വേഷിച്ചുള്ള സുഹൃത്തുക്കളുടെ ഫോൺകോളുകൾ അപ്പോഴും വീട്ടിൽ വന്നുകൊണ്ടേയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കോളേജിലെത്തിയപ്പോൾ പ്രിൻസിപ്പലിന്റെ കാരണം കാണിക്കൽ നോട്ടീസാണ് ലഭിച്ചത്.
വീട്ടുകാരെ കൃത്യസമയത്ത് വിവരമറിയിക്കാത്തതിനായിരുന്നു നോട്ടീസ്. അതായിരുന്നു ജീവിതത്തിൽ ആദ്യമായും അവസാനമായും തനിക്കുകിട്ടിയ കാരണം കാണിക്കൽ നോട്ടീസെന്ന് അനിൽ പറയുന്നു.
2001 ജൂൺ 22-നാണ് 6602 നമ്പർ ചെന്നൈ മെയിൽ വൈകീട്ട് 5.15-ന് കടലുണ്ടിപ്പുഴയിൽ പതിക്കുന്നത്. ദുരന്തത്തിൽ 52 പേർ മരിക്കുകയും 222 പേർക്ക് സാരമായ പരിക്കേൽക്കുകയുംചെയ്തു. തീവണ്ടിയുടെ നടുവിലത്തെ ബോഗികളിലുള്ളവരാണ് കടലുണ്ടിപ്പുഴയിലേക്ക് പതിച്ചത്.
സ്മൃതിമണ്ഡപം ഇനിയും യാഥാർഥ്യമായില്ല
തീവണ്ടിദുരന്തം നടന്നിട്ട് ഇരുപതു വർഷം പിന്നിടുമ്പോഴും സ്മൃതിമണ്ഡപം എന്ന ആവശ്യം ഇന്നും യാഥാർഥ്യമായില്ല.കഴിഞ്ഞ പത്തു വർഷം താത്കാലിക സ്മാരകം തീർത്ത് വള്ളിക്കുന്നിൽ ഹീറോസ് നഗർ പൗരസമിതി അനുസ്മരണം നടത്തിയിരുന്നു. അന്ന് തീവണ്ടിയപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും ചടങ്ങുകൾക്ക് വരാറുണ്ടായിരുന്നു. പിന്നീട് അതും നിലച്ചു. എന്നാൽ, കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹീറോസ് നഗർ പൗരസമിതി പ്രവർത്തകർ വീണ്ടും താത്കാലിക സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും മൗനപ്രാർഥനയും നടത്തുന്നുണ്ട്.
അന്ന് സ്ഥലം സന്ദർശിച്ച മന്ത്രിമാരും റെയിൽവേ ഉദ്യോഗസ്ഥരും സ്മൃതിമണ്ഡപം പണിയുമെന്ന് പറഞ്ഞെങ്കിലും ഇന്നും നാട്ടുകാരുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്ന് വള്ളിക്കുന്ന് ഹീറോസ് നഗർ പൗരസമിതി പ്രവർത്തകർ പറഞ്ഞു. വീണ്ടും ഈ ആവശ്യവുമായി അധികൃതരെ കാണാനുള്ള തയ്യാറെടുപ്പിലാണ് പൗരസമിതി.