രാമനാട്ടുകര/ കൊണ്ടോട്ടി (മലപ്പുറം)
രാമനാട്ടുകരയിലെ അപകടത്തിൽ മരിച്ചവർ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കവർച്ചാ സംഘത്തിലെ മുഖ്യകണ്ണികൾ. തിങ്കളാഴ്ച പുലർച്ചെ 2.30ന് ദുബായിൽനിന്നെത്തിയ എയർ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരൻ മലപ്പുറം മൂർക്കനാട് മേലേതിൽ മുഹമ്മദ് ഷഫീഖിൽനിന്ന് 2.33 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കൊടുവള്ളി സംഘത്തിനെത്തിയ ഈ സ്വർണം തട്ടിയെടുക്കാനാണ് മൂന്ന് കാറുകളിലായി ഇവരെത്തിയത്. ടിഡിവൈ എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് സംഘത്തിന്റെ പ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു.
‘ചെർപ്പുളശേരി ടീം’ എന്നറിയപ്പെടുന്ന 15 അംഗ സംഘം ഞായറാഴ്ച രാത്രിയാണ് ഇന്നോവ, ബലേനോ, ബൊലേറോ കാറുകളിലായി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്. കൊടുവള്ളി സംഘം എത്താൻ സാധ്യതയുള്ള 15 കാറുകളുടെ നമ്പറുമായിട്ടായിരുന്നു കാത്തിരിപ്പ്. പുലർച്ചെ നാലോടെ അതിലൊരു ചുവപ്പ് മാരുതി സ്വിഫ്റ്റ് കാർ വിമാനത്താവളത്തിൽ നിന്നിറങ്ങിവരുന്നത് കണ്ട സംഘം തടയാൻ ശ്രമിച്ചു. മറികടന്നുപോയ കാറിനുനേർക്ക് സോഡാക്കുപ്പിയെറിഞ്ഞും തോക്കുചൂണ്ടിയും നിർത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ജങ്ഷനിൽ കാർ തടയാൻ ശ്രമം നടന്നതായി സമീപത്തെ റിസോർട്ട് ജീവനക്കാരൻ മൊഴി നൽകിയിരുന്നു.
അപകടം നടന്ന സ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘാംഗങ്ങളുടെ കാറുകളും എട്ടുപേരെയും പൊലീസിന് പിടികൂടാനായത്. അപകടത്തിൽ നിശ്ശേഷം തകർന്ന ബൊലേറോയിൽ പാൽപ്പൊടി, ഈത്തപ്പഴം, അത്തിപ്പഴം, മിഠായി എന്നിവ ചിതറിക്കിടപ്പുണ്ട്. സിറ്റി അസി. കമീഷണർ എൻ മുരളീധരൻ, ഡെപ്യൂട്ടി കമീഷണർ സ്വപ്നിൽ എം മഹാജൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകുന്നു.