തിരുവനന്തപുരം
തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെ 30ന് എൽഡിഎഫ് പ്രതിഷേധമുയർത്തും. കേന്ദ്രസർക്കാർ കൊള്ളയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി കൺവീനർ എ വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് നാലിന് വാർഡ്, ഡിവിഷൻ തലങ്ങളിലാണ് സമരം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ കേന്ദ്രത്തിലും നാലുപേർ വീതം പങ്കെടുക്കും. പഞ്ചായത്ത് വാർഡിൽ 25 കേന്ദ്രത്തിലും കോർപറേഷൻ വാർഡുകളിൽ നൂറ് കേന്ദ്രങ്ങളിൽ വീതവും പ്രതിഷേധമുയർത്തും. ഇന്ധനവില വർധനയ്ക്കെതിരെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിരോധമായിത് മാറും. 50 രൂപയ്ക്ക് പെട്രോൾ നൽകുമെന്നു പറഞ്ഞാണ് ബിജെപി അധികാരത്തിലേറിയത്. ഇപ്പോൾ വില നൂറിലേക്ക് എത്തുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം 31 തവണ വിലകൂട്ടി. പണത്തിന് ബുദ്ധിമുട്ട് വരുമ്പോഴെല്ലാം ജനങ്ങളുടെ പോക്കറ്റിൽ കൈയിടുകയാണ്.
രണ്ടാം പിണറായി സർക്കാരിന്റേത് നല്ല തുടക്കമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജനോപകാരപ്രദമായ തീരുമാനങ്ങളാണ് കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലുണ്ടായത്. ആദ്യബജറ്റ് സാധാരണക്കാർക്ക് സമാശ്വാസം നൽകുന്നതാണ്. ജനജീവിതം പ്രയാസത്തിലാക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിൽനിന്ന് തുടരെയുണ്ടാകുന്നത്. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില ഏപ്രിലിനുശേഷം 10.6 ശതമാനം വർധിച്ചു. സംസ്ഥാന സർക്കാരുകളുടെ ധനാഗമ മാർഗങ്ങളെല്ലാം അടയ്ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.