തിരുവനന്തപുരം
സർക്കാർ ഓഫീസുകളിലെ ഏജന്റുമാരെ പൂർണമായും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ജീവനക്കാർക്കും ജനങ്ങൾക്കുമിടയിൽ മൂന്നാമതൊരാൾ വേണ്ട. എൻജിഒ യൂണിയൻ സംഘടിപ്പിച്ച ‘നവകേരള സൃഷ്ടിയും സിവിൽ സർവീസും’ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ ചെറിയ ന്യൂനപക്ഷം ഇപ്പോഴുമുണ്ട്. സർക്കാർ ഫണ്ട് ചോർത്തുന്നത് നോക്കിനിൽക്കുന്നതും അഴിമതിയാണ്. പണം പദ്ധതിക്കുതന്നെ ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും.
മികച്ചതും സൗഹൃദപരവുമായ സേവനം ജനങ്ങൾക്ക് ലഭിക്കണം. ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനംവേണം. വരുന്നവരുടെ ആവശ്യങ്ങൾ ക്ഷമയോടെ കേട്ട് നിവേദനങ്ങൾക്കും കത്തുകൾക്കും കാര്യകാരണ സഹിതം മറുപടി നൽകണം. ഇതിന് ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം. ഓഫീസിനൊപ്പം ജീവനക്കാരും സ്മാർട്ടാകണം.
ഫയൽ നീക്കത്തിലെ നൂലാമാലകൾ അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറി നടപടി തുടങ്ങി. നിസാര കാര്യത്തിന് ഉദ്യോഗക്കയറ്റം തടയുന്നതും ഇഷ്ടക്കാർക്കായി മാസങ്ങളോളം കസേര ഒഴിച്ചിടുന്നതുമായ പ്രവണതകളുണ്ട്. സൗകര്യപ്രദമായ കസേരകളും ഓഫീസുകളും ചിലർക്കുമാത്രമായി വിധിക്കപ്പെടുന്നു. ഇതെല്ലാം തിരുത്തും. വകുപ്പുകളിൽ ഫയൽ തീർപ്പാക്കൽ അടിയന്തരമായി നടപ്പാക്കും. വകുപ്പുകളുടെ വെബ്സൈറ്റുകൾ നവീകരിക്കും. ഭരണ പരിഷ്കാര കമീഷൻ ശുപാർശകൾ നടപ്പാക്കാൻ സംവിധാനമൊരുക്കും. സിവിൽ സർവീസ് മാനുവലും ചട്ടങ്ങളും സമഗ്രമായി പരിഷ്കരിക്കും. എല്ലാ വകുപ്പിലും പ്രാദേശികാടിസ്ഥാനത്തിൽ പൗരാവകാശരേഖ പ്രസിദ്ധീകരിക്കും. വകുപ്പുകൾക്ക് സോഷ്യൽ ഓഡിറ്റ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനം യജമാനന്മാർ; മറക്കരുത്
ജനമാണ് സർക്കാർ സംവിധാനത്തിന്റെ യജമാനന്മാർ എന്ന് ജീവനക്കാരെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ വിരൽത്തുമ്പിലറിയുന്ന തലമുറയുടെ ആവശ്യമാണ് നിറവേറ്റുന്നതെന്ന തിരിച്ചറിവാകണം സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കേണ്ടത്.
അഴിമതിമുക്ത, കാര്യക്ഷമ സിവിൽ സർവീസ് ഉറപ്പാക്കാൻ കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടി ഒരുകൂട്ടർക്ക് ഇപ്പോഴും ബോധ്യമായിട്ടില്ല. പ്രതിസന്ധിക്കിടയിലും ജീവനക്കാരുടെ അവകാശം സംരക്ഷിച്ചു. മാറ്റിവച്ച വേതനം സമയബന്ധിതമായി തിരിച്ചുനൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ഇ പ്രേംകുമാർ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് മുഖ്യപ്രഭാഷണം നടത്തി.
എൻജിഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, കെജിഒഎ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി എം എ അജിത് കുമാർ സ്വാഗതവും ട്രഷറർ എൻ നിമൽരാജ് നന്ദിയും പറഞ്ഞു.