തിരുവനന്തപുരം
കോൺഗ്രസ് അഴിച്ചുപണിക്ക് കെ സുധാകരൻ തയ്യാറാക്കിയ ഫോർമുലയ്ക്കെതിരെ എ, ഐ ഗ്രൂപ്പുകളും ഗ്രൂപ്പ് രഹിതരും പടയൊരുക്കം തുടങ്ങി. ഡിസിസി പുനഃസംഘടനയ്ക്ക് അഞ്ചംഗ സമിതിയടക്കമുള്ള സുധാകരന്റെ പരസ്യപ്രസ്താവന വിവാദമായതോടെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നത് രാഹുൽ ഗാന്ധി വിലക്കിയിരുന്നു.
ഇക്കാര്യത്തിൽ സുധാകരൻ പിൻവാങ്ങുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു. പിൻവാങ്ങിയില്ലെങ്കിൽ തുറന്നെതിർക്കാനാണ് ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തീരുമാനം. കെപിസിസി ഭാരവാഹികളുടെ എണ്ണം നാലിലൊന്നായി ചുരുക്കണമെന്ന് ബുധനാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിൽ കെ സുധാകരൻ ആവശ്യപ്പെട്ടേയ്ക്കും .ഇതിനെ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ചെതിർക്കും. എന്നാൽ, ഗ്രൂപ്പുകളുടെ ശുപാർശ തള്ളി മുന്നോട്ടുപോകാനാണ് കെ സി വേണുഗോപാൽ സുധാകരന് നൽകിയ രഹസ്യസന്ദേശം.
കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കമാണ് ഗ്രൂപ്പുകൾക്കും നിലവിലുള്ള ഭാരവാഹികൾക്കും പാരയാകുന്നത്. പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ എന്നിവരെ കൂടാതെ പതിനഞ്ച് ഭാരവാഹികൾ മതിയെന്നാണ് സുധാകരന്റെ മനസ്സിലിരിപ്പ്. ഇത് രാഷ്ട്രീയകാര്യ സമിതിയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിതെളിക്കും. നിർദേശത്തിന് അംഗീകാരമായാൽ ഭാരവാഹികളെ നിശ്ചയിക്കുകയാണ് അടുത്ത ഘട്ടം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ശുപാർശ ചെയ്യുന്നവരെ ഒഴിവാക്കി ആ ഗ്രൂപ്പുകളിലെ മറ്റ് പേരുകാരെ ഉൾക്കൊള്ളിച്ച് ഇരുവരെയും തളയ്ക്കാമെന്നാണ് സുധാകരന്റെ കണക്കുകൂട്ടൽ. ഇതിന് വേണുഗോപാൽ സുധാകരന് പിന്തുണയുമേകിയിട്ടുണ്ട്. ഉമ്മൻചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവർ രാഷ്ട്രീയകാര്യ സമിതിയിൽ ശക്തമായി എതിർത്താൽ സുധാകരൻ പ്രതിസന്ധിയിലാകും. കെ സി ജോസഫ് അടക്കമുള്ളവർ സുധാകരന്റെ താൻപോരിമ വകവച്ചുകൊടുക്കരുതെന്ന നിലപാടിലാണ്.