കൽപ്പറ്റ
എൻഡിഎ സ്ഥാനാർഥിയാവാൻ സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 50 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ജെആർപി ട്രഷറർ പ്രസീത അഴീക്കോടിൽനിന്ന് ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തു. കേസന്വേഷിക്കുന്ന വയനാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ മനോജ്കുമാർ കണ്ണൂരിൽ പ്രസീതയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
പകൽ ഒന്നേമുക്കാലിന് തുടങ്ങി രാത്രി എട്ടോടെയാണ് അവസാനിച്ചത്. ജെആർപി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ, കോ ഓർഡിനേറ്റർ ബിജു അയ്യപ്പൻ എന്നിവരുടെ മൊഴിയുമെടുത്തശേഷം പ്രതികളെ ചോദ്യംചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാവാനാണ് ജാനുവിന് കെ സുരേന്ദ്രൻ പണം നൽകിയത്. പണം കൈമാറുംമുമ്പ് സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രസീത പുറത്തുവിട്ടിരുന്നു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.