തിരുവനന്തപുരം
കോവിഡ് ഇരകളുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിലൂടെ കേന്ദ്രസർക്കാർ ചുമതലയിൽനിന്ന് ഒളിച്ചോടുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ദുരന്തനിവാരണ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. എന്നാൽ, എക്സിക്യൂട്ടീവിന്റെ ഭരണനിർവഹണ അവകാശങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്നാണ് കേന്ദ്രം പറയുന്നത്. എക്സിക്യൂട്ടീവിന് നിയമം അനുസരിച്ചേ ഭരിക്കാനാകൂ. നിയമത്തെ ദുർവ്യഖ്യാനം ചെയ്യാൻ കോടതി അനുവദിക്കരുതെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
ദുരന്തനിവാരണ നിയമം 2005 പ്രകാരം പ്രകൃതിദുരന്തത്തിൽ മരിക്കുന്നവരുടെ അവകാശികൾക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. അതിനാണ് ദുരന്തനിവാരണ നിധി. കോവിഡ്മൂലം മരണമടഞ്ഞവരുടെ അവകാശികൾക്കും ഇത് നിഷേധിക്കാനാകില്ല. ഒറ്റത്തവണ ഉണ്ടാകുന്നതിനെയേ ദുരന്തമായി കണക്കാക്കാനാകൂവെന്നാണ് കേന്ദ്ര ന്യായം. കോവിഡ് പകർച്ചവ്യാധി ഒരുവർഷമായി തുടരുകയാണ്. ഇനിയും നീണ്ടുപോയേക്കാം. അതിനാൽ, ദുരന്തനിവാരണ നിയമത്തിലുള്ള ദുരന്തമായി ഇതിനെ കണക്കാക്കാനാകില്ലെന്ന കേന്ദ്ര സർക്കാർ ന്യായം വിചിത്രമാണ്. ഏതാനും ദിവസത്തിൽ തീരാതെ നീണ്ടുപോകാവുന്ന വെള്ളപ്പൊക്കത്തെയും ഒഴിവാക്കാൻ ഇത് കാരണമാകാം. നാലുലക്ഷം രൂപവച്ച് നഷ്ടപരിഹാരം നൽകിയാൽ ദുരന്തനിവാരണ നിധിയിലെ മുഴുവൻ പണവും തീരുമെന്നാണ് വാദം. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 3.85 ലക്ഷം പേർക്ക് കോവിഡിൽ ജീവൻ നഷ്ടപ്പെട്ടു. ഇവരുടെ അവകാശികൾക്ക് നാലുലക്ഷം രൂപവച്ച് നൽകാൻ 15,400 കോടി വേണം. ഇത് താങ്ങാൻ ശേഷിയില്ലെന്ന് പറയുന്നവരാണ് കുത്തകകൾക്ക് 1.5 ലക്ഷം കോടി രൂപ നികുതിയിളവ് നൽകിയതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.