തിരുവനന്തപുരം
എൽഎൻജി ഉപയോഗിച്ചുള്ള കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി. ഹരിത ഇന്ധനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് സർവീസ്. തമ്പാനൂരിലെ സെൻട്രൽ സ്റ്റേഷനിൽ മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്തു.
മൂന്ന് മാസത്തെ പരീക്ഷണ ഓട്ടത്തിനുശേഷമാകും സ്ഥിരമായി നിരത്തിലിറക്കുകയെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തിരുവനന്തപുരം–-എറണാകുളം, എറണാകുളം–-കോഴിക്കോട് റൂട്ടിലാണ് സർവീസ്. മൂന്നാർ ഉൾപ്പെടെ ഹൈറേഞ്ച് മേഖലയിലേക്കും പരീക്ഷണ ഓട്ടം നടത്തും. 310 സിഎൻജി ബസ് വാങ്ങാനും 400 ഡീസൽ ബസ് എൽഎൻജിയിലേക്ക് മാറ്റാനും കെഎസ്ആർടിസിക്ക് അനുമതി നൽകിയിരുന്നു. ഹരിത ഇന്ധനത്തിലേക്ക് മാറുന്നതോടെ കെഎസ്ആർടിസിക്ക് ഒരു വർഷം 500 കോടി രൂപ ലാഭിക്കാനാകും. സ്വകാര്യ ബസുകളെയും പരിഗണിക്കുമെന്നും ഇതിന് ബസുടമകളെ സഹായിക്കാനാകുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡീസൽ ബസിനേക്കാൾ 40 ശതമാനം ഇന്ധനച്ചെലവ് കുറയ്ക്കാമെന്നാണ് പ്രതീക്ഷ. 35 പേർക്ക് ഇരിക്കാവുന്ന എ സി ബസാണ് ഓടിക്കുന്നത്. സാങ്കേതിക, സാമ്പത്തിക സാധ്യതാപഠനം നടത്തി കൂടുതൽ ബസ് നിരത്തിലിറക്കും.