തെഹ്റാൻ
ആണവകരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് നിയുക്ത ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. കരാർ പുതുക്കാനുള്ള ചർച്ചകൾ സ്വാഗതാർഹമാണ്. എന്നാൽ, ദേശീയ താൽപ്പര്യം മാനിക്കാൻ ലോകരാഷ്ട്രങ്ങൾ തയ്യാറാകണം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയിൽ ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റെയ്സി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നും റെയ്സി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുവർഷംമുമ്പ് യുഎസ് പിന്മാറുകയും ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ആണവ കരാർ പരാജയത്തിന്റെ വക്കിലെത്തിയത്. കൂടുതൽ ആണവായുധങ്ങൾ സമാഹരിച്ചും കരാർ വ്യവസ്ഥകൾ ഒന്നൊന്നായി ലംഘിച്ചും ഇറാൻ തിരിച്ചടിച്ചു.
ഉപരോധം നീക്കാനും കരാറിൽ തിരിച്ചെത്താനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സന്നദ്ധത അറിയിച്ചതോടെ വിയന്നയിലെ ചർച്ചയ്ക്ക് കളമൊരുങ്ങി. അഭിപ്രായഭിന്നതയെ തുടർന്ന് ഞായറാഴ്ച ചർച്ച നിർത്തി പ്രതിനിധികൾ മടങ്ങിയിരുന്നു. അടുത്ത നീക്കം അമേരിക്കയുടേതാകണമെന്ന് ഇറാൻ സംഘ മേധാവി അബ്ബാസ് അറാഖ്ചിയും വ്യക്തമാക്കി.