കൊൽക്കത്ത > വൻ ദുരന്തം നേരിടുന്ന ജനങ്ങൾ കൂടുതൽ അക്രമത്തിനിരയാകുമെന്നും അത് തടഞ്ഞ് അവർക്ക് സംരക്ഷണം നൽകാനുള്ള പേരാട്ടത്തിന് പാർടിയെ സുശക്തമാക്കാൻ സിപിഐ എം ബംഗാൾ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. തൃണമൂൽ കോൺഗ്രസും- ബിജെപിയും നടത്തുന്ന അക്രമത്തിന് വിധേയമാകുന്ന ജനങ്ങളെ സംരക്ഷിക്കാൻ പാർടി മുന്നിട്ടിറങ്ങണം.
ഇതിനായി എല്ലാ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുമെന്നും സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന്റ പാഠങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തി ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് ശക്തമായി തിരിച്ചുവരാനുള്ള നടപടികൾ കൈക്കൊള്ളും. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി സംഘടനാ തലത്തിൽ വിപുലമായ ജനകീയ വേദി സൃഷ്ടിക്കുകയും ചെയ്യുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
രണ്ടു ദിവസമായി ഓൺലൈനിൽ നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബിയംഗങ്ങളും പങ്കെടുത്തു. പാർടിയെ സംഘടനപരമായും ജനകീയമായും കൂടുതൽ ശക്തി പ്പെടുത്താനുള്ള നടപടികൾക്ക് രൂപം നൽകണമെന്ന് യെച്ചൂരി യോഗത്തിൽ പറഞ്ഞു. വിവിധ തലങ്ങളിലുള്ള ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റെടുത്ത് പുതിയ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി നഷ്ടപ്പെട്ട ബഹുജന പിന്തുണ തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പരാജയകാരണങ്ങൾ കൂടുതൽ വിശകലനം നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു.