തിരുവനന്തപുരം: പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് സിപിഎം മറുപടി നൽകിയതെന്നും വിജയരഘവൻ പറഞ്ഞു.
കെപിസിസി അധ്യക്ഷൻ വിഷയങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല അദ്ദേഹം കൈകാര്യം ചെയ്തത്. സ്വാഭാവികമായും സുധാകരൻ പറഞ്ഞ കാര്യങ്ങൾക്ക് അതേതരത്തിൽ തന്നെ സിപിഎം മറുപടി നൽകിയിട്ടുണ്ട്. ഇതോടെ അക്കാര്യം അവസാനിച്ചു. എല്ലാദിവസവും ഇതിന് മറുപടി പറയേണ്ട കാര്യമില്ലെന്നും എൽഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ വിജയരാഘവൻ വ്യക്തമാക്കി.
മരംമുറി വിഷയത്തിൽ സർക്കാർ യഥാസമയം നടപടിയെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ കർഷക അനുകൂലമായ നിലപാടാണ് സർക്കാർസ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ആവശ്യം അനുസരിച്ചാണ് അവരുടെ മരങ്ങൾ മുറിക്കാനായി ഉത്തരവിറക്കിറക്കിയത്. ഇത് ദുർവിനിയോഗം ചെയ്തപ്പോൾ തന്നെ സർക്കാർ ശക്തമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights:vijayaraghavan statement against sudhakaran