കൊച്ചി > കോവിഡ് 70 ശതമാനത്തോളമുയർന്നിട്ടും സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായിട്ടില്ലെന്ന അഡ്മിനിസ്ട്രേഷന്റെ നിലപാട് ലക്ഷദ്വീപിന്റെ ദുരിതം കാണാതെ. കോവിഡ്കാല ആശ്വാസമായി ഭക്ഷ്യകിറ്റുകൾ വിതരണംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യഹർജിക്ക് ജില്ലാ കലക്ടർ ഹൈക്കോടതിയിൽനൽകിയ മറുപടിയിലാണ് ലക്ഷദ്വീപ് ജനതയെ പരിഹസിക്കുന്നത്. രണ്ടുമാസത്തിലേറെയായി ലോക്ക്ഡൗൺ നിയന്ത്രണവും നിരോധനാജ്ഞയെയും തുടർന്നുള്ള ദുരിതത്തിലാണ് ദ്വീപുകാർ.
ഏപ്രിൽ 18മുതൽ ലക്ഷദ്വീപിൽ ലോക്ക്ഡൗണാണ്. ഉപജീവനമാർഗം മത്സ്യബന്ധനമായ 80 ശതമാനംപേർക്കും രണ്ടുമാസത്തിലേറെയായി തൊഴിലില്ല. ഒരാഴ്ചമുമ്പാണ് അൽപ്പം ഇളവ് നൽകിയത്. അപ്പോഴും അനുമതിയില്ലാതെ കടലിൽ പോകാനാകില്ലായിരുന്നു. തിങ്കളാഴ്ച നിയന്ത്രണങ്ങളിൽ വീണ്ടും അയവുവരുത്തിയെങ്കിലും മുൻകൂർ അനുമതിയെന്ന നിബന്ധന മാറ്റിയില്ല. തീരത്തെ മത്സ്യബന്ധന ഷെഡുകൾ പൊളിച്ചു. ടൗട്ടേ ചുഴലിക്കാറ്റ് ദുരിതങ്ങളും ദ്വീപിനെ ഉലച്ചു. കാലവർഷം ആരംഭിച്ചതും മത്സ്യബന്ധനം അസാധ്യമാക്കി.
ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ സൗജന്യ റേഷനും ഭക്ഷ്യകിറ്റും നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്. ഭക്ഷ്യകിറ്റ് നൽകണമെന്ന് ജില്ലാപഞ്ചായത്തും അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടു. അത് പരിഗണിച്ചില്ലെന്നുമാത്രമല്ല, നിരോധനാജ്ഞയും നടപ്പാക്കി. ഇപ്പോഴും ദ്വീപുകാർ വീടുകളിൽ അടച്ചുപൂട്ടി കഴിയുകയാണ്. ഇതിനിടെയാണ് ആയിരത്തിമുന്നൂറോളം കരാർ ജീവനക്കാരെ ഭരണച്ചെലവ് ചുരുക്കാനെന്നപേരിൽ അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്.
നൂറുകണക്കിന് ജീവനക്കാരെ സ്ഥലംമാറ്റി. തിങ്കളാഴ്ച പ്രഖ്യാപിച്ച ഇളവുകളും സാധാരണക്കാരന് ആശ്വാസമാകില്ല. രാത്രികാലത്തെയും കടകൾ തുറക്കുന്നതിലെയും നിയന്ത്രണവും തുടരുന്നു. ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ടെന്നും ആരും പട്ടിണികിടക്കുന്നില്ലെന്നും 39 ന്യായവില കടകൾ തുറന്നിട്ടുണ്ടെന്നുമാണ് കലക്ടർ കോടതിയെ അറിയിച്ചത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസവും മൂന്നുമണിക്കൂർ തുറക്കുന്നു. ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമില്ല. മീൻപിടിത്തത്തിന് തടസ്സമില്ലെന്നും പറഞ്ഞാണ് പൊതുതാൽപ്പര്യഹർജി തള്ളാനാവശ്യപ്പെട്ടത്.