കോഴിക്കോട്: രാമനാട്ടുകര ഇന്നുപുലർച്ചെയുണ്ടായ വാഹനാപകടം എത്തിനിൽക്കുന്നത് സ്വർണക്കടത്തിൽ.വാഹനാപകടവുമായി ബന്ധപ്പെട്ട് ഐപിസി 399 പ്രകാരമുളള കൊളളശ്രമവും ഉൾപ്പെടുത്തി എട്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. കേസിൽ കസ്റ്റംസ് അന്വേഷണവും നടത്തുന്നുണ്ട്. ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തിയാണ് കസ്റ്റംസ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന.
അപകടത്തിൽമരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തിൽപ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരാദ്യം നൽകിയിരുന്ന മൊഴി.
പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങൾ അപകടസ്ഥലത്ത് എത്തിയതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ ആരെ കൂട്ടിക്കൊണ്ടുപോകാൻ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം.
കൊളള നടത്താനുളള ശ്രമം തടയുന്നതിനായുളള വകുപ്പാണ് ഐപിസി 399. കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷെഫീക്കിൽ നിന്ന് സ്വർണം തട്ടിയെടുക്കാൻ എത്തിയവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണ് ഇവർ കൊളള നടത്താനാണ് ശ്രമിച്ചത് എന്ന രീതിയിൽ കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.