തലശേരി
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് പരാതി. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറിയും സുധാകരന്റെ സന്തതസഹചാരിയുമായിരുന്ന പള്ളിക്കുന്ന് മഠത്തിൽ അപ്പാർട്ട്മെന്റിൽ എം പ്രശാന്താണ് പരാതിക്കാരൻ. സുധാകരൻ അവിഹിതമാർഗത്തിലൂടെ പണം സമ്പാദിച്ചതായി പരാതിയിൽ പറയുന്നു. എടക്കാട് കിഴുന്നയിൽ ആറുകോടി വിലമതിക്കുന്ന ആഢംബര വീടും വിലകൂടിയ കാറുകളുമുണ്ട്. കോടികളുടെ ബിനാമി ബിസിനസുണ്ട്. കെപിസിസി എക്സിക്യൂട്ടീവംഗം മമ്പറം ദിവാകരൻ ചാനൽ അഭിമുഖത്തിലും ഇത് പരാമർശിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് ഹൈസ്കൂളും അഞ്ച് ഏക്കർ സ്ഥലവും വാങ്ങാൻ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിച്ച് വിദേശത്തുനിന്നടക്കം 32 കോടിയോളം രൂപ പിരിച്ചു. കെ സുധാകരന്റെ നേതൃത്വത്തിലായിരുന്നു പിരിവ്. ചിറക്കൽ രാജകുടുംബത്തെ സമീപിച്ച് മുൻകരാറിന് വിരുദ്ധമായി സുധാകരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച കണ്ണൂർ എഡ്യൂപാർക്ക് കമ്പനിയുടെപേരിൽ സ്കൂൾ രജിസ്ട്രേഷൻ നടത്താൻ 2013 ഏപ്രിൽ 30ന് കത്ത് നൽകി. ട്രസ്റ്റിന്റെപേരിൽ പിരിച്ച പണം സ്വന്തമാക്കാനായിരുന്നു ഇത്. രാജകുടുംബം ഇതിന് വഴങ്ങിയില്ല. കരാർപ്രകാരമുള്ള പണം നൽകാത്തതിനാൽ അഡ്വാൻസ് തിരിച്ചുനൽകി മറ്റൊരു സഹകരണ ബാങ്കിന് സ്കൂൾ വിറ്റു.
സുധാകരന്റെ മരുമകന്റെ സാമ്പത്തികസ്രോതസിനെക്കുറിച്ച് അന്വേഷിക്കണം. ട്രസ്റ്റിന്റെയും എഡ്യൂപാർക്കിന്റെയും അക്കൗണ്ട് പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.