മ്യൂണിക്
ഒന്നു പിൻവാങ്ങിയശേഷം ജർമനി തിരിച്ചുവന്നിരിക്കുന്നു.ആദ്യമത്സരത്തിൽ ഫ്രാൻസിനോടുള്ള തോൽവിക്കുശേഷം പഴികേട്ടുമടങ്ങിയവരാണ്. ഗോളടിക്കാനാളില്ല. കുത്തഴിഞ്ഞ സംവിധാനം. സ്ഥാനം തെറ്റിയ കളിക്കാർ. മാന്ത്രികത നഷ്ടമായ പരിശീലകൻ–- ആ തോൽവിയിൽ ജർമനി വിമർശത്തിൽ മുങ്ങി.നാലുദിനംകൊണ്ട് എല്ലാം തിരുത്തിച്ചു. പോർച്ചുഗലിനെതിരെ നേടിയ വമ്പൻ ജയം ജർമനിയെ കരുതിയിരിക്കാനുള്ള അറിയിപ്പാണ്. 2018 ലോകകപ്പിലെ ആദ്യറൗണ്ട് പുറത്താകലിനുശേഷം ജർമനി തെളിഞ്ഞിട്ടില്ലായിരുന്നു. മുതിർന്ന കളിക്കാരായ മാറ്റ് ഹമ്മെൽസും തോമസ് മുള്ളറും പുറത്തായി. യൂറോയ്ക്കുമുമ്പ് ഇരുവരെയും തിരിച്ചുവിളിച്ചു. അതും വിമർശിക്കപ്പെട്ടു.
15 വർഷം ജർമൻ ടീം പരിശീലകനായിട്ടും ഒരുതവണ ലോകകപ്പ് നേടിയിട്ടും ജോക്വിം ലോ ആഘോഷിക്കപ്പെട്ട പരിശീലകനായിരുന്നില്ല. പക്ഷേ, കാഴ്ചക്കാരെ രസിപ്പിക്കാനും വലിയ വിജയങ്ങൾ നേടാനുമുള്ള ചേരുവകൾ ലോയുടെ കൈയിൽ എക്കാലവും ഉണ്ടായിരുന്നു. 4–-3–-2–-1 എന്ന ശൈലി മാറ്റിയില്ല.പോർച്ചുഗലിനെതിരെയും അതേ ആശയമായിരുന്നു. ഈ സംവിധാനത്തിലേക്ക് ഒരു ചേരുവകൂടി ലോ ചേർത്തു. റോബിൻ ഗൊസെൻസ് എന്ന വിനാശകാരിയെ. പോർച്ചുഗലിന്റെ അടിവേരിളക്കി ഗൊസെൻസ്.
ഡച്ചുകാരനാണ് ഗൊസെൻസിന്റെ അച്ഛൻ. അമ്മ ജർമൻകാരി. ജനിച്ചത് നെതർലൻഡ്സിനും ജർമനിക്കും അതിർത്തിയായ എമ്മെറിച്ച് ആം റെയ്നയിൽ. കുട്ടിക്കാലത്ത് ബൊറൂസിയ ഡോർട്ട്മുണ്ടിൽ ട്രയൽസിന് പോയി തോറ്റ് മടങ്ങിയിട്ടുണ്ട്. ഡച്ചിലായിരുന്നു പിന്നെ ഫുട്ബോൾ പഠനം. ആരോരുമറിയാതെ ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയിലേക്ക്. അറ്റ്ലാന്റ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയപ്പോൾ വിങ് ബാക്ക് സ്ഥാനത്ത് കളിച്ച ഗൊസെൻസ് നേടിയത് 10 ഗോൾ. ലോയുടെ കണ്ണിൽപ്പെട്ടു. ഗൊസെൻസ് ജർമൻ ടീമിലെത്തി.
പ്രതിഭാശാലിയായ ജോഷ്വ കിമ്മിച്ചിനെ വലതുഭാഗത്ത് പ്രതിരോധത്തിന് തൊട്ടുമുന്നിൽ നിർത്തി. ഇടതുഭാഗത്ത് ഗൊസെൻസിനെയും. ലിവർപൂളിന്റെ ആക്രമണമുനകളായ ട്രെന്റ് അലെക്സാണ്ടർ ആർണോൾഡ്–-ആൻഡ്രൂ റോബെർട്സൺ ദ്വയത്തെ ഓർമിപ്പിക്കുന്ന നീക്കം. പോർച്ചുഗലിനെതിരെ പെട്ടെന്നുള്ള അങ്കലാപ്പിനുശേഷം കിമ്മിച്ച്–-ഗൊസെൻസ് സഖ്യത്തിലൂടെ ജർമനി കളംപിടിച്ചു.ഇടത്, വലതു പാർശ്വങ്ങളിൽനിന്നുള്ള പരസ്പരം കൈമാറിയുള്ള ക്രോസുകൾ പോർച്ചുഗലിന്റെ താളംതെറ്റിച്ചു. ആദ്യത്തേത് കിമ്മിച്ചിന്റെ ക്രോസ് ഗൊസെൻസിലേക്ക്, പോർച്ചുഗൽ ആദ്യ പിഴവുഗോൾ വഴങ്ങി. രണ്ടാമത്തേത് ഗൊസെൻസിൽനിന്ന് കിമ്മിച്ചിലേക്ക്. രണ്ടാമത്തെ പിഴവുഗോളും പോർച്ചുഗൽ പ്രതിരോധം വഴങ്ങി. രണ്ടാംപകുതിയിൽ പിൻവലിഞ്ഞ് കളിക്കാനായിരുന്നില്ല ലോയുടെ തീരുമാനം.
ഗൊസെൻസും കിമ്മിച്ചും വേലിയേറ്റം നയിച്ചു. ശേഷിച്ച രണ്ട് ഗോളും ഈ കൂട്ടുകെട്ടിൽ പിറന്നു. അവസാനത്തേത് വലയിലിട്ട് ഗൊസെൻസ് ആ പ്രകടനത്തിന് പൂർണത നൽകി.
ജർമനിക്ക് പോരായ്മകൾ ഏറെയുണ്ടായിരുന്നു. പ്രതിരോധത്തിലെ മൂവർസംഘം ആത്മവിശ്വാസത്തിലായിരുന്നില്ല. ഒരു സെൻട്രൽ സ്ട്രൈക്കറുടെ അഭാവം നിഴലിച്ചു. മധ്യനിര ചലനാത്മകമായിരുന്നില്ല. പ്രത്യേകിച്ചും രണ്ടാംപകുതിയിൽ. എങ്കിലും വിങ് ബാക്കുകളെ നിയോഗിച്ചുള്ള ലോയുടെ കണ്ണുംപൂട്ടിയുള്ള ആക്രമണം എല്ലാ പോരായ്മകളെയും മറികടന്നു.