റോം
യൂറോ കപ്പ് ഫുട്ബോളിൽ ഇറ്റലിയുടെ മിന്നൽക്കുതിപ്പ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ വെയ്ൽസിനെയും തോൽപ്പിച്ച് അജയ്യരായി അവർ മുന്നേറി. ഒരു ഗോളിനാണ് ജയം. പകരക്കാരുടെ നിരയുമായി എത്തിയ ഇറ്റലിക്ക് വേണ്ടി മത്തിയോ പെസിന വിജയഗോൾ നേടി. മൂന്ന് കളിയിൽ ഒമ്പത് പോയിന്റുമായാണ് ഇറ്റലിയുടെ പ്രീ ക്വാർട്ടർ പ്രവേശം. വെയ്ൽസും കടന്നു. നാല് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് മുന്നേറ്റം.
എട്ട് മാറ്റങ്ങളുമായാണ് ഇറ്റലി വെയ്ൽസിനെതിരെ ഇറങ്ങിയത്. ആദ്യ രണ്ട് കളി ജയിച്ച ടീമിലെ പ്രധാന താരങ്ങളെയെല്ലാം പരിശീലകൻ റോബർട്ടോ മാൻസീനി പുറത്തിരുത്തി. പകരക്കാരുടെ നിരയും കരുത്തുറ്റതായിരുന്നു. മാർകോ വെറാറ്റി പരിക്കുമാറി തിരിച്ചെത്തിയത് ഇറ്റലിക്ക് വീര്യം പകർന്നു. ആദ്യ ഘട്ടത്തിൽതന്നെ പല തവണ അവർ ഗോളിന് അരികെയെത്തി. ഫെഡെറികോ ചിയേസയും ആന്ദ്രേ ബെലോട്ടിയും എമേഴ്സണുമെല്ലാം ഗോളിലേക്ക് ലക്ഷ്യം വച്ചു. പക്ഷേ, വെയ്ൽസ് വഴങ്ങിയില്ല.
ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയായിരുന്നു ഇറ്റലിയുടെ ഗോൾ. വെറാറ്റിയുടെ ഫ്രീകിക്കിൽ വലംകാൽവച്ച് മത്തിയോ പെസിന ഇറ്റലിയെ മുന്നിലെത്തിച്ചു.
രണ്ടാംപകുതിയുടെ തുടക്കത്തിൽ വെയ്ൽസ് പത്തുപേരായി ചുരുങ്ങി. ഫെഡെറികോ ബെർണാഡെസ്കിയെ അപകടരമായി ഫൗൾ ചെയ്ത പ്രതിരോധക്കാരൻ ഏതൻ അമ്പഡു ചുവപ്പുകാർഡ് കണ്ട് പുറത്തായി. പിന്നാലെ ബെലോട്ടിയുടെ തകർപ്പൻ ഷോട്ട് വെയ്ൽസ് ഗോൾ കീപ്പർ ഡാന്നി വാർഡ് തടഞ്ഞു. 20ൽ കൂടുതൽ ഷോട്ടുകളാണ് മത്സരത്തിൽ ഇറ്റലി തൊടുത്തത്.
ആദ്യ കളിയിൽ തുർക്കിയെയും രണ്ടാം കളിയിൽ സ്വിറ്റ്സർലൻഡിനെയുമാണ് ഇറ്റലി കീഴടക്കിയത്. ഇതോടെ മാൻസീനിക്ക് കീഴിൽ തോൽവിയറിയാതെ 30 മത്സരം ഇറ്റലി പൂർത്തിയാക്കി. ഗോൾ വഴങ്ങാതെയുളള 11 മത്സരവും.