മങ്കൊമ്പ് (ആലപ്പുഴ)
കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികൾക്ക് പ്രതിപക്ഷം ക്രിയാത്മക പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വെള്ളപ്പൊക്കം നേരിടാൻ ഹ്രസ്വ––ദീർഘകാല പദ്ധതികൾ വേണമെന്നും കുട്ടനാട്ടിലെ വിവിധപ്രദേശങ്ങൾ സന്ദർശിച്ചശേഷം പറഞ്ഞു.
സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിൽ ജലാശയങ്ങളുടെ ആഴം കൂട്ടി സംഭരണ ശേഷി വർധിപ്പിക്കണമെന്ന ശുപാർശ നടപ്പാക്കാൻ സാധിക്കാത്തത് വെള്ളപ്പൊക്കക്കെടുതി രൂക്ഷമാക്കുന്നു. എസി റോഡിന്റെ നവീകരണത്തിന് സമ്പൂർണ പാരിസ്ഥിതിക പഠനം വേണം. എ-സി കനാൽ പള്ളാത്തുരുത്തി വരെ തുറക്കുകയും ആഴം കൂട്ടുകയും വേണം. രണ്ടാംകുട്ടനാട് പാക്കേജ് ഉൾപ്പെടെയുള്ള പദ്ധതികൾ ശാസ്ത്രീയമായി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞു.
കൈനകരിയിലെ വെളളം കയറിയ വീടുകളും കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളും പുളിങ്കുന്ന് ആശുപത്രിയും സന്ദർശിച്ചു. എ എ ഷുക്കൂർ, എം ലിജു തുടങ്ങിയവരും ഒപ്പമുണ്ടായി.