തിരുവനന്തപുരം
അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് ആയുഷ് മിഷൻ യോഗത്തൺ, വിദ്യാർഥികൾക്ക് സ്പെഷ്യൽ യോഗ സെഷൻ, ആയുർയോഗ പദ്ധതി എന്നിവ സംഘടിപ്പിക്കും. യോഗദിനാചരണത്തിന്റെ സംസ്ഥാന പരിപാടി തിങ്കളാഴ്ച രാവിലെ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും.
മന്ത്രി വീണ ജോർജ് അധ്യക്ഷയാകും. യോഗത്തിൽ ഡോ. പി കെ വാര്യരെ സംസ്ഥാന ആയുഷ് വകുപ്പ് ആദരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘വീട്ടിൽ കഴിയാം യോഗയ്ക്കൊപ്പം’ (ബി അറ്റ് ഹോം, ബി വിത് യോഗ) എന്നതാണ് ഇക്കുറി യോഗ ദിനാചരണത്തിന്റെ മുദ്രാവാക്യം.
രോഗികൾക്കും വിവിധ പ്രായക്കാർക്കും ശീലിക്കാവുന്ന യോഗകൾ പരിചയപ്പെടുത്താനാണ് യോഗത്തൺ. വിക്ടേഴ്സ് ചാനലിൽ തിങ്കളാഴ്ച മുതൽ മൂന്നു ദിവസം രാവിലെ 8.30നും രാത്രി ഒമ്പതിനുമാണ് ‘സ്പെഷ്യൽ യോഗ സെഷൻ ഫോർ സ്റ്റുഡന്റ്സ്’ സംപ്രേഷണം ചെയ്യുക. സംസ്ഥാനത്തെ ആയുർവേദ കോളേജുകൾ കേന്ദ്രീകരിച്ച് ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ആയുർയോഗ പ്രത്യേക പദ്ധതിയും ആയുർവേദ വിദ്യാഭ്യാസ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.