കൊച്ചി
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും കൊടകര കുഴൽപ്പണക്കേസും കേരളത്തിൽ ബിജെപിയുടെ പ്രതിഛായ തകർത്തെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം. കെ സുരേന്ദ്രനെ മാറ്റി നേതൃത്വത്തിൽ അഴിച്ചുപണി വേണം. സംസ്ഥാനത്തെ ബിജെപിയുടെ പ്രവർത്തനം ആർഎസ്എസ് നേരിട്ട് ഓഡിറ്റ് ചെയ്യുന്ന രീതി നടപ്പാക്കണം. എല്ലാ പരിധിയുംവിട്ട് ബിജെപിയിൽ ഗ്രൂപ്പുപോര് മറനീക്കി പുറത്തുവരുന്നതിലും എറണാകുളത്ത് ആർഎസ്എസ് ആസ്ഥാനത്ത് ചേർന്ന സംയുക്തയോഗത്തിൽ നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു.
തെരഞ്ഞെടുപ്പിനുശേഷമുള്ള സ്ഥിതി ചർച്ചചെയ്യാൻ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ബിജെപി നേതാക്കൾ കൊച്ചിയിലെത്തിയത്. സംഘപരിവാർ സംഘടനകൾക്കാകെ നാണക്കേടുണ്ടാക്കുന്നതാണ് കേരളത്തിൽ ബിജെപിയുടെ പോക്കെന്ന് ആർഎസ്എസ് നേതാക്കൾ അഭിപ്രായപ്പെട്ടു. ഗ്രൂപ്പുപോരാണ് കനത്ത തോൽവിയ്ക്ക് കാരണം. സിറ്റിങ്സീറ്റിൽ തോറ്റു. രണ്ടിടത്ത് പത്രിക തള്ളി. കൊടകര കുഴൽപ്പണക്കേസ് സൽപ്പേരിന് കളങ്കംവരുത്തി. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല.
ആർഎസ്എസ് നേരിട്ട് ബിജെപി പ്രവർത്തനം ഓഡിറ്റിങ് നടത്തും എന്ന ആശയം നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കാത്തതിലും വിമർശനമുയർന്നു. സംസ്ഥാന പ്രാന്ത പ്രചാരക് പി എൻ ഹരികൃഷ്ണനും സഹപ്രചാരക് സുദർനനുമാണ് ആർഎസ്എസ് നിർദേശങ്ങൾ യോഗത്തിൽ അറിയിച്ചത്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, സംഘടന സെക്രട്ടറി പി എൻ ഗണേശ് എന്നിവർ മുരളീധരപക്ഷത്തുനിന്നും പി കെ കൃഷ്ണദാസും എ എൻ രാധാകൃഷ്ണനും കൃഷ്ണദാസ് പക്ഷത്തുനിന്നും പങ്കെടുത്തു.