ന്യൂഡൽഹി
രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ മക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തെച്ചൊല്ലി പഞ്ചാബ് കോൺഗ്രസിൽ പുതിയ അടി. അധാർമികതീരുമാനം പിൻവലിക്കണമെന്ന് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബ്രിന്ദർ ധില്യൺ എന്നിവർ ആവശ്യപ്പെട്ടു. അഞ്ച് മന്ത്രിമാരും പല എംഎൽഎമാരും ഈ നിലപാടിലാണ്. എന്നാൽ രക്തസാക്ഷികുടുംബങ്ങളോടുള്ള കടപ്പാടാണ് മന്ത്രിസഭാ തീരുമാനത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രതികരിച്ചു.
എംഎൽഎമാരായ ഫത്തേജങ് സിങ് ബജ്വയുടെ മകൻ അർജുൻ പ്രതാപ് സിങ്ങിന് പൊലീസ് ഇൻസ്പെക്ടറായും രാകേഷ് പാണ്ഡ്യയുടെ മകൻ ഭീഷാം പാണ്ഡ്യക്ക് നായ്ബ് തഹസിൽദാറായും നിയമനം നൽകാനാണ് തീരുമാനം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചെറുമക്കൾ എന്ന പേരിലാണ് നിയമനം. മന്ത്രിമാരായ റസിയ സുൽത്താന, സുഖ്ജിന്ദർ സിങ്, ത്രിപ്ത് രജീന്ദർ സിങ് ബജ്വ, ചരഞ്ജീത് സിങ് എന്നിവർ യോഗത്തിൽ നിയമനത്തെ എതിർത്തു.നവ്ജോത് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള വിമതകലാപം രൂക്ഷമായതോടെ ഹൈക്കമാൻഡ് കഴിഞ്ഞയാഴ്ച അമരീന്ദറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടി. ഒപ്പമുണ്ടായിരുന്നന്ന പിസിസി അധ്യക്ഷൻ ഝാക്കറുടെ എതിർപ്പ് അമരീന്ദറിനെ കൂടുതൽ കുഴപ്പത്തിലാക്കും.