കണ്ണൂർ
എ, ഐ ഗ്രൂപ്പുകൾ പ്രവചിച്ചതുപോലെ കെ സുധാകരൻ കോൺഗ്രസിനും യുഡിഎഫിനും തലവേദനയായി. സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയാൽ കണ്ണൂരിൽ മാത്രം ഒതുങ്ങിനിന്ന ‘ശല്യം’ സംസ്ഥാനം മുഴുവൻ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഗ്രൂപ്പുകളുടെ പ്രവചനം. ഇപ്പോഴത്തെ സംഭവവികാസത്തിൽ മനസ്സാ സന്തോഷിക്കുകയാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും.
സുധാകരനെ അധ്യക്ഷനാക്കിയാൽ സ്ഥിതി സങ്കീർണമാകുമെന്നായിരുന്നു മുതിർന്ന നേതാവ് എ കെ ആന്റണി ഉൾപ്പെടെയുള്ളവരുടെ നിലപാട്. ഹൈക്കമാൻഡിനും ഇതേ ധാരണയായിരുന്നെങ്കിലും കോൺഗ്രസിന്റെ ദയനീയ അവസ്ഥയും കെ സി വേണുഗോപാലിന്റെ കടുംപിടിത്തവും കണക്കിലെടുത്തായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ കരകയറ്റാൻ ഒറ്റമൂലിയായാണ് ചില കേന്ദ്രങ്ങൾ സുധാകരനെ ഹൈക്കമാൻഡിനു മുന്നിൽ അവതരിപ്പിച്ചത്. അല്ലെങ്കിൽ അണികൾ കൂട്ടത്തോടെ ബിജെപിയിൽ പോകുമെന്നും അറിയിച്ചു. പദവി കിട്ടിയില്ലെങ്കിൽ സുധാകരനും പോയേക്കുമെന്ന് ഭയന്നു.
സുധാകരൻ വന്നതിൽ കെ സി വേണുഗോപാലിന് മറ്റുചില അജൻഡ കൂടിയുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എ, ഐ ഗ്രൂപ്പുകൾ പാരവയ്ക്കും. തൽക്കാലം ഗ്രൂപ്പുകളെ മെരുക്കി സുധാകരനെ കൊണ്ടുവന്നാൽ ഏതാനുംമാസം കഴിയുമ്പോൾ നേതൃത്വം പൊറുതിമുട്ടും. പാർടിയെ കൈപ്പിടിയിലാക്കാൻ മറ്റ് നേതാക്കളെ ഇല്ലാതാക്കുകയെന്നതാണ് തന്ത്രം. അവസരം വരുമ്പോൾ കേരളത്തിലേക്കുള്ള എൻട്രിയാണ് വേണുഗോപാൽ സ്വപ്നം കണ്ടത്.
പക്ഷേ, ഇത് പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള തലവേദനയായി. കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ ആക്ഷേപിക്കുക മാത്രമല്ല, മാധ്യമപ്രവർത്തകരോട് ആക്രോശിക്കുകയുംചെയ്തു. എക്കാലവും സഹായിക്കുന്ന മനോരമയെ കുറ്റപ്പെടുത്തിയതും മറ്റു നേതാക്കൾക്ക് പിടിച്ചിട്ടില്ല. ഞായറാഴ്ചയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും പ്രകോപനം തുടർന്നു. ഇയാൾ കോൺഗ്രസിന്റെ അന്തകനാകുമെന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.