കൽപ്പറ്റ: സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന കൽപ്പറ്റ മുൻ എം.എൽ.എസി.കെ. ശശീന്ദ്രന്റെ വാദം ശരിവെച്ച് ജാനു. കടം വാങ്ങിയ പണമാണ് സി.കെ. ശശീന്ദ്രന് തിരികെ നൽകിയത്. കൃഷി ചെയ്തു കിട്ടിയ പണമാണ് അത്. കോഴപ്പണമാണ് എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അവർ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നുംസി.കെ.ജാനു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഞാൻ ഒരുപാട് ആളുകളുടെ കൈയിൽ നിന്ന് വായ്പ വാങ്ങിക്കാറുണ്ട്. അത് തിരിച്ചുകൊടുക്കാറുണ്ട്. പക്ഷേ, പറഞ്ഞ സമയത്ത് ചിലപ്പോൾ തിരിച്ചു കൊടക്കാൻ പറ്റിയേക്കില്ല. എന്തായാലും അത് തിരിച്ചു കൊടുക്കും. ഇനിയും അങ്ങനെ വായ്പ വാങ്ങിച്ചതും തിരിച്ചു കൊടുക്കാനുള്ളതുമുണ്ട്.- ജാനു പറഞ്ഞു.
ശശീന്ദ്രന് വായ്പ വാങ്ങിയ വാങ്ങിച്ച പൈസയാണ് കൊടുത്തതെന്നും ജാനു പറഞ്ഞു. നാളെ വേറെ ആർക്കെങ്കിലും കൊടുക്കാൻ ഇനിയും അദ്ദേഹത്തിന്റെ അടുത്തുനിന്ന് വാങ്ങും. ശശീന്ദ്രന്റെ കൈയിൽ പൈസ ഇല്ലാതിരുന്നതിനാൽ ബാങ്ക് വായ്പയായാണ്അത് ചെയ്ത് തന്നത്. അത് ബാങ്കിൽ തന്നെ തിരിച്ചടച്ചു. ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ പറ്റില്ലേ. വായ്പയും കടവും വാങ്ങാൻ പറ്റില്ലേ എന്നും അവർ ചോദിച്ചു.
സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ നൽകിയ പണം, ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് സി.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. 2019-ൽ സി.കെ. ജാനു മൂന്നുലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും പണം വാങ്ങിയത് അക്കൗണ്ടിലൂടെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രൻ പറഞ്ഞിരുന്നു.
2019 ഒക്ടോബർ മാസത്തിൽ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു. 2020-ൽ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെ തന്നു. ബാക്കിയുള്ള ഒന്നര ലക്ഷം രൂപ 2021 മാർച്ചിലും തന്നു. പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നൽകിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: C K Janu agreed with C K Shashindran on money controversy