തിരുവനന്തപുരം:കെ. സുധാകരൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനി പ്രതികരിക്കില്ല. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ ഇനി കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതേസമയം സുധാകരന്റെ ഭൂതകാല രാഷ്ട്രീയംസജീവ ചർച്ചയാക്കാൻ സി.പി.എം. നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
സുധാകരന് എതിരായ വിഷയത്തിൽ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയുള്ളത്. പറയാനുള്ള കാര്യങ്ങളെല്ലാം വാർത്താസമ്മേളനത്തിൽ വിശദമായി പറഞ്ഞു കഴിഞ്ഞു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയത്. അത് സംബന്ധിച്ച സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സന്ദർഭത്തിലാണ് പരസ്യമായ പ്രതികരണത്തിന് മുതിർന്നതെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. വിഷയം ഇതോടെ അവസാനിച്ചെന്നും ഇതിൽ ഇനി കാര്യമായ പ്രതികരണത്തിന് പ്രസക്തിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.
അതേസമയം, സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവചർച്ചയാക്കാനാണ് സി.പി.എമ്മിന്റെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻമന്ത്രിമാരായ എ.കെ. ബാലൻ, എം.എ. ബേബി, ഇ.പി. ജയരാജൻ തുടങ്ങിയവർ സുധാകരനെതിരെ രംഗത്തെത്തിയത്. ഇന്നലെ ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് സുധാകരനെതിരായ കഴിഞ്ഞകാല സംഭവങ്ങൾ സജീവ ചർച്ചയാക്കി സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരാനുള്ള തീരുമാനം എടുത്തിരുന്നു.
content highlights:chief minister pinarayi vijayan will abstain from making more comments on sudhakaran issue