കണ്ണൂർ
ശനിയാഴ്ചത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നരഹത്യക്ക് കേസെടുത്ത് പുനരന്വേഷണം നടത്താൻ നിയമസാധ്യതയേറുന്നു. രണ്ടുകൊലപാതകങ്ങളിലെ അറിവും പങ്കാളിത്തവുമാണ് വർഷങ്ങൾക്കുശേഷം സുധാകരൻ ഏറ്റുപറഞ്ഞത്. രണ്ടും നോട്ടപ്പിശകാണെന്ന് സമ്മതിച്ചതിലൂടെ രണ്ട് നിരപരാധികളുടെ ജീവനെടുത്തതിന്റെ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്. ഇത് മനഃപൂർവമായ നരഹത്യയോ അതല്ലെങ്കിൽ കൊലപാതകമായോ പരിഗണിക്കാം.
സുധാകരൻ സ്വരക്ഷയ്ക്കെന്ന പേരിൽ യുഡിഎഫ് ഭരണകാലത്ത് കൊണ്ടുനടന്ന ഗൺമാന്റെ തോക്കിൽനിന്നാണ് നാൽപാടി വാസുവിനെ വെടിവച്ചത്. ഇപ്പോൾ സുധാകരൻ പറയുന്നു അക്രമികളെ വെടിവച്ചപ്പോൾ, മാറിനിൽക്കുകയായിരുന്ന വാസുവിന് വെടിയേൽക്കുകയായിരുന്നുവെന്ന്.
സേവറി ഹോട്ടലിൽ ബോംബെറിഞ്ഞതും നിരപരാധിയെ കൊലപ്പെടുത്തിയതും കൈയ്യബദ്ധമാണെന്നുകൂടി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കുറ്റസമ്മതം നടത്തുമ്പോൾ തുടരന്വേഷണത്തിന് അധികൃതർ നിർബന്ധിതമാകും. സിപിഐ എം നേതാവും മുൻമന്ത്രിയുമായ എം എം മണിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് ആഴ്ചകളോളം ജയിലിലടച്ചത് പൊതുയോഗത്തിൽ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവർക്കെതിരെ കേസെടുത്തത് ആശുപത്രിയിൽ കിടക്കുമ്പോൾ കൊലപാതകം നടക്കാനുളള സാധ്യത അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്നാരോപിച്ചാണ്.