ഗോകുൽ
പാമ്പാടി: കോവിഡിനോടും വൃക്കരോഗത്തോടും പൊരുതിനിന്ന ഗോകുൽ ഒടുവിൽ മരണത്തിന് കീഴടങ്ങി. പാമ്പാടി പങ്ങട മുണ്ടയ്ക്കൽ ആർ.ഗോകുലാണ് (29) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയത്. തന്റെ കുഞ്ഞിന്റെ മുഖം ഒരുനോക്ക് കാണാനാകാതെയുള്ള ഗോകുലിന്റെ അന്ത്യയാത്ര ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാക്കി.
വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുന്നതിനിടെ കോവിഡ് ബാധിച്ചതോടെ ഗുരുതരാവസ്ഥയിലായ ഗോകുലിനായി നാട് പ്രാർഥനയോടെ കഴിയുന്നതിനിടെയാണ് മരണം കവർന്നെടുത്തത്. ആറുദിവസം മുമ്പ് കോവിഡ് നെഗറ്റീവ് ആയതോടെ ഗോകുൽ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷ. മൂന്നാഴ്ച മുമ്പായിരുന്നു ഗോകുലിന്റെ ഭാര്യ രേഷ്മാ രാജൻ കുഞ്ഞിന് ജന്മം നൽകിയത്.
2013-ൽ ഗോകുൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടർന്ന് ജീവിതത്തിൽ പുതിയ അധ്യായം ആരംഭിച്ച ഗോകുൽ, കുമളി, പുറ്റടിയിലെ സ്വകാര്യ കോളേജിൽ ലൈബ്രേറിയൻ ആയി ജോലിചെയ്യുകയായിരുന്നു. 2020-ലാണ് വീണ്ടും വൃക്കരോഗം പിടികൂടിയത്. ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ചത്. ഇതോടെ നില കൂടുതൽ ഗുരുതരമായി. ശ്വാസകോശത്തെയും രോഗം ബാധിച്ചു. ചികിത്സാച്ചെലവിനായി വലിയ തുക ആവശ്യമായി വന്നതോടെ നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം അത് കണ്ടെത്തനായുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. കോട്ടയം ബസേലിയസ് കോളേജ് പൂർവ വിദ്യാർഥികളായിരുന്നു ഗോകുലും രേഷ്മയും.
കോളേജിലെ സുഹൃത്തുകളും ജനകീയസമിതി രൂപവത്കരിച്ച് നാട്ടുകാരും ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താനുള്ള പരിശ്രമങ്ങളിലായിരുന്നു. എന്നാൽ അതും വിഫലമാവുകയായിരുന്നു. അച്ഛൻ രാജൻ. അമ്മ: ശാരദാമ്മ. രേഷ്മ കരുമൂട് കരിക്കടൻ പാക്കൽ കുടുംബാംഗമാണ്. സഹോദരൻ: രാഹുൽ. ശവസംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
Content Highlights: Gokul, who was undergoing treatment for kidney disease, died