കൊച്ചി
‘‘നിങ്ങൾക്ക് ഈ ചോദ്യങ്ങൾ എവിടെനിന്നു കിട്ടുന്നു? എ കെ ജി സെന്ററിൽനിന്നാണോ? അതോ അഴീക്കോടൻ മന്ദിരത്തിൽനിന്നോ? പത്രക്കാരൻ പത്രക്കാരന്റെ പണിയെടുത്താൽ മതി. എന്നെ ഭീഷണിപ്പെടുത്താൻ വരണ്ട’’ വീരവാദങ്ങൾ ബൂമറാങായി, വീമ്പുപറച്ചിലിന് പാർടിയിൽതന്നെ പിന്തുണയില്ലാതായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാധ്യമങ്ങൾക്കുമുന്നിൽ ഉത്തരമില്ലാതെ വിയർത്തു. പിന്നെ ചോദിച്ചവരോട് തട്ടിക്കയറി. ബ്രണ്ണൻ കോളേജ് സംഭവം മുഖ്യമന്ത്രിയാണ് വിവാദമാക്കിയതെന്നായിരുന്നു സുധാകരന്റെ വാദം. അഭിമുഖത്തിന് മറുപടിയായല്ലേ മുഖ്യമന്ത്രി പറഞ്ഞത് എന്ന ചോദ്യം സുധാകരന് ഇഷ്ടമായില്ല. ഇന്റർവ്യൂ വന്നപ്പോൾത്തന്നെ മനോരമ വാരിക എഡിറ്ററെ വിളിച്ചുപറഞ്ഞിട്ടുണ്ട്. നിങ്ങൾ പത്രക്കാരാണ് ഇത് വിവാദമാക്കുന്നതെന്നായി.
ബ്രണ്ണൻ കോളേജ് സംഭവം ചീറ്റിയെന്നു മനസ്സിലാക്കിയ സുധാകരൻ ശനിയാഴ്ച പിണറായിക്കെതിരെ പറയാൻ മുൻ ആർഎസ്എസ് പ്രവർത്തകൻ കണ്ടോത്ത് ഗോപിയെയുംകൊണ്ടാണ് വാർത്താസമ്മേളനത്തിനെത്തിയത്. 1977ൽ പിണറായിയുടെ നേതൃത്വത്തിൽ ഗോപിയെ ആക്രമിച്ചുവെന്ന് വരുത്താനായിരുന്നു ശ്രമം. ആ കേസിൽ പിണറായി പ്രതിയായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഗോപി പരുങ്ങി. ഒടുവിൽ പിണറായി പ്രതിയല്ലെന്ന് സമ്മതിച്ചു . മുൻ ആർഎസ്എസ് പ്രവർത്തകനും ദിനേശ് ബീഡി കമ്പനി കത്തിച്ച കേസിൽ പ്രതിയുമല്ലേ എന്ന ചോദ്യംകൂടി വന്നതോടെ ഗോപി പിൻവാങ്ങി. മൈക്ക് വീണ്ടും സുധാകരൻ ഏറ്റെടുത്തു.
തന്നെ അക്രമിയും ബിജെപിക്കാരനുമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പിണറായി വിജയനാണ് ബിജെപിയുടെ സഹായം തേടിയതെന്നും സുധാകരൻ പറഞ്ഞു. ബിജെപിയിലേക്ക് പോകാൻ ആരുടെയും അനുവാദം വേണ്ടെന്ന് പറഞ്ഞ വീഡിയോ വൈറലാണെന്ന് പറഞ്ഞതോടെ സുധാകരൻ വീണ്ടും അസ്വസ്ഥനായി. നിങ്ങൾക്ക് എവിടെനിന്നാണ് ചോദ്യങ്ങൾ കിട്ടുന്നതെന്നായി.
സിപിഐ എം ഓഫീസിൽനിന്ന് ഞങ്ങൾക്ക് ചോദ്യം നൽകുന്നു എന്നു പറയുന്നത് മര്യാദയാണോ എന്നു മാധ്യമപ്രവർത്തകർ തിരിച്ചുചോദിച്ചതോടെ വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റു.