കണ്ണൂർ
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാർത്താസമ്മേളനത്തിലൊപ്പമിരുത്തിയത് ജനസംഘം നേതാവും ആദ്യകാല സ്വയംസേവകനുമായ കണ്ടോത്ത് ഗോപിയെ. ആർഎസ്എസ്സിന്റെ അടിതടവുകൾ പഠിച്ച് അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് കോൺഗ്രസിൽ അഭയം തേടിയതാണ് ധർമടം മേലൂരിലെ ഗോപി. ശാഖയിൽ സ്വയംസേവകരെ പരിശീലിപ്പിച്ച് അക്രമത്തിന് സജ്ജമാക്കലായിരുന്നു പ്രധാനപണി.
തങ്ങളുടെ മുദ്രയാണ് ദിനേശ്ബീഡിയുടേതെന്ന് ആരോപിച്ച് മംഗളൂരു ഗണേഷ്ബീഡി മാനേജ്മെന്റ് നൽകിയ കേസിലെ സാക്ഷിയായിരുന്നു ഗോപി.
മേലൂർ ദിനേശ്ബീഡി കമ്പനിക്ക് ബോംബെറിഞ്ഞ ആർഎസ്എസ്സുകാർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതടക്കം ഗോപിയുടെ കഥകൾ പലതുണ്ട്. ആർഎസ്എസ്സുകാരനായ മുതലാളിക്കുവേണ്ടിയാണ് ദിനേശ്ബീഡിയെ പിന്നിൽനിന്ന് കുത്താൻ നോക്കിയത്. കോൺഗ്രസിലെത്തിയപ്പോഴും ഗുണ്ടാസംഘങ്ങളുമായായിരുന്നു കൂട്ട്.
പഴയസംഘിയുടെ പാഴ്വെടി
അടിയന്തരാവസ്ഥയിൽ പിണറായി വിജയൻതന്നെ വെട്ടിയെന്നും പൊലീസ് കേസെടുത്തില്ലെന്നുമാണ് ഗോപി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. അടിയന്തരാവസ്ഥയിൽ പിണറായിയിൽ കോൺഗ്രസ് ഗുണ്ടകളുടെ തേർവാഴ്ചയായിരുന്നു. സിപിഐ എം പ്രവർത്തനംപോലും അസാധ്യമാക്കുംവിധമുള്ള ഭീകരത. അന്ന് കൂത്തുപറമ്പ് എംഎൽഎയായിരുന്ന പിണറായി വിജയനെ ലോക്കപ്പിലിട്ട് ഭീകരമായി തല്ലിച്ചതച്ചത് കേരളത്തെ ഞെട്ടിച്ചതാണ്.
ജയിലിലടയ്ക്കപ്പെട്ട പിണറായി വിജയൻ കൊടുവാളുമായിവന്ന് തന്നെ വെട്ടിയെന്നാണ് കണ്ടോത്ത് ഗോപിയുടെ ഭാഷ്യം. വെട്ടേറ്റിട്ടും പൊലീസ് കേസെടുത്തില്ലെന്നും എഫ്ഐആർ പോലും ഇട്ടില്ലെന്നും പറയുന്നു.
കൊലക്കേസുകൾ തുടരന്വേഷിക്കണം: ഡിവൈഎഫ്ഐ
തിരുവനന്തപുരം
നാൽപ്പാടി വാസു, നാണു കൊലപാതകങ്ങളിലെ പങ്ക് തുറന്നുപറഞ്ഞ കെ സുധാകരനെ പ്രതിയാക്കി കേസിൽ തുടരന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ. നാൽപ്പാടി വാസുവിനെ വെടിവച്ചും സേവറി ഹോട്ടലിൽ ഭക്ഷണം വിളമ്പുകയായിരുന്ന നാണുവിനെ ബോംബെറിഞ്ഞും കൊന്നത് കോൺഗ്രസാണെന്നാണ് കെ സുധകരൻ ശനിയാഴ്ച എറണാകുളത്ത് പറഞ്ഞത്. നാൽപ്പാടി വാസു ആക്രമിക്കാൻ വന്നപ്പോൾ ഗൺമാൻ വെടിവച്ചു എന്നായിരുന്നു സുധാകരൻ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, വാസു ആക്രമിച്ചില്ലെന്നും ദൂരെ മാറിനിൽക്കുകയായിരുന്നെന്നും ശനിയാഴ്ച സമ്മതിച്ചു.
ഇതെല്ലാം പരിഗണിച്ച് രണ്ട് കേസും അടിയന്തരമായി തുടരന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, ജില്ലാ പ്രസിഡന്റ് വി വിനീത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് കവിത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.