തിരുവനന്തപുരം> തിങ്കളാഴ്ച ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്തിട്ടുള്ള ചക്രസ്തംഭന സമരത്തിൽ ബിഎംഎസ് യൂണിയനുകളിലെ തൊഴിലാളികളും അണിനിരക്കുമെന്ന് സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ നേതൃത്വത്തിന്റെ തീട്ടൂരം അനുസരിക്കേണ്ടിവരുന്നതിനാലാണ് ബിഎംഎസ് നേതൃത്വത്തിന് സമരത്തെ പരസ്യമായി പിന്തുണയ്ക്കാൻ കഴിയാത്തതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
തിങ്കളാഴ്ച പകൽ 11ന് ആരംഭിക്കുന്ന കാൽ മണിക്കൂർ സമരത്തിന് സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു തുടങ്ങിയ 21ൽപരം ട്രേഡ് യൂണിയനാണ് സംയുക്ത ആഹ്വാനം നൽകിയത്.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വി ജെ തോമസ്, എഐടിയുസി സംസ്ഥാന സെക്രട്ടറി എം ജെ രാഹുൽ, എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് മാഹീൻ അബുബക്കർ എന്നിവരും പങ്കെടുത്തു. കേരളം ഒന്നായിനിന്ന് കേന്ദ്രനയം തിരുത്തണമെന്ന് ആവശ്യപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു.