പിണറായി> ‘‘ആ ശബ്ദത്തിന് മുന്നിലാണ് ക്യാമ്പസ് നിശബ്ദമായത്. രണ്ടു കൈയും കൂട്ടിയിടിച്ച് ഒച്ചയുണ്ടാക്കി പിണറായി പറഞ്ഞ വാക്കുകൾക്ക് പിന്നാലെ ആക്രമിക്കാനെത്തിയവർ പിന്തിരിഞ്ഞു. അതായിരുന്നു പിണറായിയുടെ ആജ്ഞാശക്തി. അന്ന് സംഘർഷം ഒഴിവായത് പിണറായിയുടെ സമയോചിത ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ്’’–-ബ്രണ്ണൻ കോളേജ് പൂർവവിദ്യാർഥിയും പിആർഡി മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ കെ യു ബാലകൃഷ്ണന്റെ ഓർമയിൽ ഇന്നുമുണ്ട് ആ നിമിഷം.
എ കെ ബാലനടക്കം തങ്ങൾ പത്തുപന്ത്രണ്ട് പേരുണ്ടാവും. പഠിപ്പുമുടക്കിന്റെ ഭാഗമായി പ്രകടനമായി നീങ്ങുകയാണ്. സുധാകരനും ടീമും കൈയേറ്റം ചെയ്യാൻ വന്നു. സംഘർഷത്തിൽ ഇടപെടാതെ ഒഴിഞ്ഞുനിന്ന പിണറായി സ്ഥിതി രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഇടപെട്ടത്. പിണറായിയെ ചവിട്ടി വീഴ്ത്തിയെന്നൊക്കെ സുധാകരൻ പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവവും അവിടെയുണ്ടായിട്ടില്ല. കെഎസ്എഫ് പ്രവർത്തകരായ ഞങ്ങളെ കൈയേറ്റം ചെയ്യാനെത്തിയ കെ സുധാകരനടക്കമുള്ളവരെ മാഹിയിലെ വി ബാലൻ പിടിച്ചുമാറ്റുകയായിരുന്നു–- കെ യു ബാലകൃഷ്ണൻ പറഞ്ഞു.