തെഹ്റാൻ
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് തണുത്ത പ്രതികരണവുമായി ഇറാൻ ജനത. വോട്ടുരേഖപ്പെടുത്താനുള്ള സമയം രണ്ടു മണിക്കൂർ നീട്ടിയിട്ടും വോട്ടിങ് ശതമാനം ഉയർത്താനായില്ല. 50ശതമാനത്തിനു താഴെയാകും പോളിങ് എന്ന റിപ്പോർട്ടിനെ തുടർന്നാണ് സമയം നീട്ടിയത്. എന്നാൽ 48.8ശതമാനം മാത്രമാണ് പോളിങ്. 1979ൽ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം നടന്ന ഇറാൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറവ് പോളിങ്ങാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇബ്രാഹിം റെയ്സിക്കു പിന്നിൽ രണ്ടാമതുള്ളത് അസാധു വോട്ടുകളാണെന്നതാണ് ശ്രദ്ധേയം. പോൾ ചെയ്തതിൽ 61.95ശതമാനം വോട്ടും റെയ്സിക്കാണ് ലഭിച്ചത്. 2,89,33,004 വോട്ട്. 37,26,870 വോട്ട് അസാധുവായി.
മുൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ മൊഹ്സെൻ റെസെയ് 34,12,71 വോട്ടുകളുമായി മൂന്നാമത് എത്തി. അതേസമയം റെയ്സുടെ എതിരായിയാക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് വിലയിരുത്തപ്പെട്ട മിതവാദിയായ സെൻട്രൽ ബാങ്ക് മുൻമേധാവി അബ്ദുൾ നാസർ ഹിമ്മത്തിനു കാര്യമായ ഒരു ചലനവും ഉണ്ടാക്കാനായില്ല. റെസെയുടെ പിന്നിൽ നാലമതാണ് ഹിമ്മത്ത്.
ജനഹിതം അംഗീകരിക്കുന്നതായി നിലവിലെ പ്രസിഡന്റും മിതവാദിയുമായ ഹസൻ റുഹാനി പറഞ്ഞു. തുടർച്ചയായി രണ്ടു തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ റുഹാനിക്ക് ഇത്തവണ മത്സരിക്കാനായിരുന്നില്ല. റുഹാനിയുടെ പിൻഗാമിയായി വിലയിരുത്തപ്പെട്ടിരുയാളാണ് ഹിമ്മത്ത്.
40 സ്ത്രീകളടക്കം പരിഷ്കരണവാദികൾ, യാഥാസ്ഥിതികർ തുടങ്ങിയ 600ഓളം പേരുടെ സ്ഥാനാർഥിത്വം 12 അംഗ രക്ഷാകർതൃസഭ വിലക്കിയിരുന്നു. ഏഴ് പേർക്ക് മാത്രമാണ് മത്സരിക്കാൻ അനുമതി കിട്ടിയത്. ഇവരിൽ മൂന്നു പേർ അവസാന നിമിഷം പിന്മാറി. 2017ലെ തെരഞ്ഞെടുപ്പിൽ 73ശതമാനമായിരുന്നു പോളിങ്.
ആയത്തുല്ല അലി ഖമനേയിയുടെ പിൻഗാമിയായി വിലയിരുത്തപ്പെടുന്ന റെയ്സിയുടെ നാലു വർഷത്തെ ഭരണം അദ്ദേഹം ഇറാൻ പരമോന്നത നേതാവാക്കുന്നതിലേക്കുള്ള ചവിട്ട് പടിയാക്കുമെന്നാണ് വിലയിരുത്തൽ .