തിരുവനന്തപുരം: സുധാകരനുമായുള്ള വാക്പോരിലൂടെ മരംമുറി വിവാദം മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതുകൊണ്ടൊന്നും വനംകൊള്ള ഇല്ലാതാകില്ല. മരംമുറി കൂടുതൽ വിവാദമായതോടെ ശ്രദ്ധ തിരിക്കാനാണ് ഒരുകാര്യവുമില്ലാത്ത വിഷയത്തിലേക്ക് മുഖ്യമന്ത്രി ചർച്ച മാറ്റിയതെന്നും സതീശൻ ആരോപിച്ചു.
ഇല്ലാത്ത കാര്യം പെരുപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞത്. ഇതിനുള്ള കൃത്യമായ മറുപടി സുധാകരനും നൽകിയിട്ടുണ്ട്. സുധാകരൻ പറയാത്ത കാര്യങ്ങളാണ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. വിവാദമാകുന്നതിന് മുമ്പുതന്നെ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം തന്നോട് പറഞ്ഞിരുന്നു. അനാവശ്യമായ വിവാദമാണിതെന്നും ഇതിനുപിറകേ പോകേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും സതീശൻ വ്യക്തമാക്കി.
കോവിഡ് കാര്യങ്ങൾ വിശദീകരിക്കാനുള്ള വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗപ്പെടുത്തുകയാണ്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. കോവിഡ് ലോക്ഡൗൺ പ്രതിസന്ധിക്കിടെ സർക്കാർ നൽകുന്ന ഇളവുകളും ആനൂകൂല്യങ്ങളും മറ്റും അറിയാനാണ് ആളുകൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുന്നത്. എന്നാൽ മുഖ്യമന്ത്രി ഇത് ദുരുപയോഗപ്പെടുത്തിയെന്നും സതീശൻ ആരോപിച്ചു.
സുധാകരൻ കെപിസിസി പ്രസിഡന്റായതോടെ സിപിഎം ഭയപ്പെട്ടു. ഇപ്പോഴത്തെ വിവാദം തുടങ്ങിവെച്ചത് സുധാകരനാണ് എന്നുപറയുന്നതിനോട് യോജിപ്പില്ല. മുഖ്യമന്ത്രി വീണ്ടും ആരോപണം ഉന്നയിച്ചാൽ അതിന് മറുപടി നൽകണമോയെന്ന് തീരുമാനിക്കേണ്ടത് സുധാകരനാണെന്നും സതീശൻ വ്യക്തമാക്കി.
content highlights:VD Satheesan statement agaisnt CM Pinarayi Vijayan