തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ എസ്കോർട്ടും പൈലറ്റ് വാഹനവും സംസ്ഥാന സർക്കാർ ഒഴിവാക്കിയെന്ന പരാതിയുമായി ബി.ജെ.പി. നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗൺമാനെ മന്ത്രി വഴിയിൽഇറക്കിവിട്ടു. ഗൺമാൻ ബിജുവിനെയാണ് തിരുവനന്തപുരത്ത് റോഡരികിൽ ഇറക്കിവിട്ടത്.
വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ളവ്യക്തിയാണ് മുരളീധരൻ. എന്നാൽ ഇന്ന് കേരളത്തിലെത്തിയപ്പോൾ സംസ്ഥാന സർക്കാർ സാധാരണഗതിയിൽ മുരളീധരന് നൽകി വന്നിരുന്ന പൈലറ്റ് വാഹനവും എസ്കോർട്ടും അനുവദിച്ചിരുന്നില്ല എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്തുപോലും പൈലറ്റ് വാഹനം ഒഴിവാക്കിയിരുന്നെങ്കിലും എസ്കോർട്ട് വാഹനം അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായ മന്ത്രിക്ക് എസ്കോർട്ട് വാഹനവും പൈലറ്റ് വാഹനവും ഒഴിവാക്കിയെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്.
സർക്കാരിന്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന സർക്കാർ അനുവദിച്ച ഗൺമാനെ ഒഴിവാക്കിയത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിൽവെച്ചാണ് ഗൺമാന്റെ ചുമതലയിലുണ്ടായിരുന്ന ബിജുവിനെ റോഡരികിൽ ഇറക്കിവിട്ടത്. പൈലറ്റും എസ്കോർട്ടും ഒഴിവാക്കിയ സാഹചര്യത്തിൽ സർക്കാർ നൽകിയ ഗൺമാനും വേണ്ട എന്ന നിലപാട് മന്ത്രി സ്വീകരിച്ചതായാണ് വിവരം.
content highlights:state government denies pilot and escort vehicle to v muraleedharan alleges bjp