കൊച്ചി: താൻ അധ്യക്ഷനായ ശേഷം കണ്ണൂരിൽ സി.പി.എമ്മിന് നഷ്ടപ്പെട്ട രണ്ടാമതൊരു സി.പി.എം. പ്രവർത്തകന്റെ പേര് പിണറായി പറഞ്ഞാൽ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്ന് കെ. സുധാകരൻ. സേവറി നാണുവിന്റെ കൊലയല്ലാതെ തന്റെ കാലഘട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ മൂലം മറ്റൊരു സിപിഎം പ്രവർത്തകനും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും കെ. സുധാകരൻ. ബ്രണ്ണൻ കോളേജ് വിവാദത്തിൽ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിങ്ങളുടെ ഒരു ടീം തന്നെ വന്ന് കണ്ണൂരിലെ കൊലപാതകങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്തട്ടെ. കോൺഗ്രസ് എത്ര ആക്രമണം നടത്തി, സുധാകരൻ ആണോ ഗുണ്ട, സുധാകരൻ ആണോ… ക്രിമിനൽ ഇതൊക്കെ അന്വേഷിക്കാം. ഞാൻ കോൺഗ്രസിന്റെ നേതൃത്വ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഒരു സി.പി.എമ്മുകാരൻ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ, 28 കോൺഗ്രസിന്റെ പ്രവർത്തകരെ വെട്ടി നുറുക്കി കാശാപ്പ് ചെയ്ത മണ്ണാണ് കണ്ണൂരിലേത്. എനിക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നു. സുധാകരൻ എന്ന രാഷ്ട്രീയക്കാരനെ ജീവിക്കാൻ അനുവദിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ നൂറ് കണക്കിന് സ്റ്റേജിൽ പ്രസംഗിച്ചു.
“മൂന്ന് തവണ എന്റെ മൂന്ന് കാർ ബോംബെറിഞ്ഞ് തകർത്തു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളാർവള്ളിയിലെ സംഭവത്തിൽ നിന്നൊക്കെ ഞാൻ രക്ഷപ്പെട്ടത് എങ്ങനെയെന്ന് ദൈവത്തിന് മാത്രമെ അറിയു. ഞാൻ ദൈവത്തിന് ഏറ്റവും ശക്തനായ വിശ്വാസിയായത് വെള്ളാർവള്ളി സംഭവത്തിന് ശേഷമാണ്. അങ്ങനെ എനിക്കെതിരെ നടന്ന അലസിപ്പോയ എത്രയോ സംഭവങ്ങൾ. എന്റെ വീടിന് 13 വർഷം പ്രവർത്തകൻമാർ കാവലാണ്. ഞാൻ യാത്ര ചെയ്യുമ്പോൾ പിറകിലും മുമ്പിലും പാർട്ടിക്കാരുടെ അകമ്പടിയാണ്. പോയ വഴിക്ക് തിരിച്ചുവരാറില്ല. അത്തരം ഒരു രാഷ്ട്രീയ ചുറ്റുപാടിലാണ് സി.പി.എമ്മുമായി പിടിച്ചുനിൽക്കുന്നത്. എന്നിട്ട് 28 പേരെ വെട്ടികൊന്നപ്പോൾ കോൺഗ്രസിന്റെ ഭാഗത്തുനിന്നു വന്ന കൈപ്പിഴയാണ് നാണുവിന്റെ കൊല.
“ആ ഒരു കൊലയല്ലാതെ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല. മാധ്യമപ്രവർത്തകർക്ക് കണ്ണൂരിൽ വന്ന് അന്വേഷണം നടത്താം. കണ്ണൂരിലെ സെൻട്രൽ ജയിലിൽ കഴിഞ്ഞ ഒരു 20 വർഷക്കാലമായി കോൺഗ്രസിന്റെ എത്ര തടവുകാർ ശിക്ഷിക്കപ്പെട്ടു കണ്ണൂർ ജയിലിൽ ഉണ്ട് എന്ന് പരിശോധിക്കണം. സി.പി.എമ്മിന്റെ എത്ര പേരുണ്ടെന്ന് പരിശോധിക്കണം. ഇപ്പോഴുമുണ്ട് സി.പി.എമ്മിന്റെ 10-20 പ്രതികൾ, കൊലയാളികളായ പ്രതികൾ. കോൺഗ്രസിന്റെ ഒരു പ്രവർത്തകൻ ജയിലിൽ പ്രതിയായി ഇല്ല.
“ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ എന്റെ കുട്ടികൾ ശിക്ഷിക്കപ്പെടില്ലേ, എന്റെ കുട്ടികൾ കേസിൽ പ്രതിയാകില്ലേ. കാണിക്കാമോ നിങ്ങൾക്ക് കണ്ണൂരിൽ ഒരിടത്ത് ഒരു സ്ഥലത്ത്. സേവറി നാണുവിന്റ കൊലയല്ലാതെ എന്റെ കാലഘട്ടത്തിൽ കണ്ണൂരിൽ സി.പി.എമ്മിന് നഷ്ടപ്പെട്ട സി.പി.എം. പ്രവർത്തകന്റെ പേര് പിണറായി പറഞ്ഞാൽ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഞാൻ രാജിവയ്ക്കും.
“ഇ.പി. ജയരാജൻ വധശ്രമക്കേസിൽ ഞാനാണ് പ്രതിയെന്ന് നിങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ ഞാൻ പ്രതിയല്ല. എന്നെ പ്രതിയാക്കാൻ നിങ്ങൾ ശ്രമിച്ചു. അന്വേഷണത്തിൽ എനിക്ക് ഒരു റോളും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിപട്ടികയിൽ നിന്ന് എന്നെ ഒഴിവാക്കി. ഏതെങ്കിലും ഒരു കൊലക്കേസിൽ ഞാൻ പ്രതിയാണെന്ന് നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാമോ?” കെ.സുധാകരൻ ചോദിച്ചു.
Content Highlight: Brennen college controversy; K. Sudhakaran Press meet