കൊച്ചി: പച്ചനുണ പറയാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് കെ. സുധാകരന്റെ പ്രതികരണമെന്ന് എ.കെ. ബാലൻ. വീണിടത്ത് നിന്ന് സുധാകരൻ ഉരുളരുത്. മാധ്യമപ്രവർത്തകർക്ക് മേലെ പഴിചാരരുത്. സുധാകരൻ പറഞ്ഞത് പോലെ 71-ൽ അല്ല താൻ ബ്രണ്ണനിലെത്തിയതെന്നും 69-ൽ തന്നെയാണെന്നും എ.കെ. ബാലൻ പ്രതികരിച്ചു.
എ.കെ. ബാലന്റെ വാക്കുകൾ
“1971-ലാണ് മമ്പറം ദിവാകരൻ വന്നത് എന്നത് ശരിയാണ്. എന്നാൽ, 1968-69-70 കാലത്താണ് താൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നത്. ആ സമയത്താണ് സി.എച്ച്. മുഹമ്മദ് കോയ വരുന്നതുംഅദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നതും. അത് പ്രതിരോധിക്കാൻ മുൻനിരയിൽ നിന്നയാളാണ് താൻ. അത് അന്ന് ബ്രണ്ണൻ കോളേജിലെ എല്ലാ വിദ്യാർഥികൾക്കുമറിയാം. അതിൽ ജീവിച്ചിരിക്കുന്ന പലരും തലശ്ശേരിയിലുണ്ട്. പച്ചനുണ പറയാൻ കെ. സുധാകരൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്.
“69-70 കാലത്താണ് പിണറായി വിജയൻ കോളേജിലേക്ക് വരുന്നത്. ഇംഗ്ലീഷ് ലെക്ചറായ ടി.വി. ബാലൻ മാഷ്, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ ക്ലാസ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട് പോകുന്ന സമയത്താണ് ഞാനും എന്റെ കൂടെയുള്ള സംഘടനാ പ്രവർത്തകരും ആക്രമിക്കപ്പെട്ടത്. ആ വിവരമറിഞ്ഞിട്ടാണ് പിണറായി വരുന്നത്.” എ.കെ. ബാലൻ വിശദീകരിച്ചു.
കെ. സുധാകരനെ അർധനഗ്നനായി ബ്രണ്ണൻ കോളേജിൽ ചുറ്റിച്ചുവെന്നമുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾ കെ. സുധാകരൻ തള്ളിയിരുന്നു. നഗ്നനായി നടത്തിയെന്ന് പറഞ്ഞത് പിണറായിയുടെ ദുഃസ്വപ്നം. 1967-ലാണ് പിണറായിയുമായി കോളേജ് സംഘർഷമുണ്ടായത്. എ.കെ. ബാലനും മമ്പറം ദിവാസകരനും കോളേജിൽ വന്നത് 1971-ലാണ്. ആരോപണങ്ങൾ തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നുമായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
Content Highlights:AK Balan on K Sudhakarans statements in Press meet