ആംസ്റ്റർഡാം
ഡച്ച് ടീമും ഡിപെയും ഒരുപോലെയാണ്. തെളിഞ്ഞാൽ കത്തിപ്പടരും. പക്ഷേ, ഒരു മോശം ദിനം മതി. പ്രതീക്ഷകൾ അവിടെ അവസാനിക്കും. അതിനാലാണ് ഡച്ചിന്റെ മുന്നേറ്റത്തിന് മെംഫിസ് ഡിപെ തെളിയേണ്ടിവരുന്നത്. ഓസ്ട്രിയക്കെതിരെ പെനൽറ്റിയിലൂടെ ഒരു ഗോൾ നേടി ഈ ഇരുപത്തേഴുകാരൻ മുൻ ചാമ്പ്യൻമാർക്ക് മോഹം നൽകുന്നു.
ഗ്രൂപ്പ് സിയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നെതർലൻഡ്സ് പ്രീ ക്വാർട്ടർ ഉറപ്പാക്കി. എങ്കിലും പരിശീലകൻ ഫ്രാങ്ക് ഡി ബോയെറിന്റെ തലവേദന ഒഴിയുന്നില്ല.ഓസ്ട്രിയക്കെതിരെ രണ്ട് ഗോൾ ജയമാണ് ഡച്ചിന്. കളിയിൽ പൂർണ നിയന്ത്രണം നേടാനുമായി. ഡിപെ ഒന്നടിച്ചപ്പോൾ ഡെൻസിൽ ഡംഫ്രീസ് വിജയം പൂർത്തിയാക്കുകയും ചെയ്തു. പക്ഷേ, കളിയിൽ കിട്ടിയ ചില അവസരങ്ങൾ ഡിപെ ഉൾപ്പെടെയുള്ളവർ പാഴാക്കിയ രീതി ജയത്തിനിടയിലും ആശങ്കയായി മൂടിനിൽക്കുന്നു.
ആദ്യ കളിയിൽ ഉക്രെയ്നെതിരെ ഒന്നാന്തരം ആക്രമണമായിരുന്നു. അതേസമയം, പ്രതിരോധം നനഞ്ഞ പടക്കമായി. വിർജിൽ വാൻഡിക് എന്ന കരുത്തന്റെ അഭാവം നെതർലൻഡ്സിന്റെ പ്രതിരോധത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വലിയ ആക്രമണങ്ങളെ നേരിടാൻ ശേഷിയില്ല. ഓസ്ട്രിയക്കെതിരെ മത്തിയാസ് ഡി ലിറ്റ് തിരിച്ചെത്തിയത് ഡച്ചിന് ഉറപ്പുനൽകി.
മുന്നേറ്റത്തിൽ വൗട്ട് വെഗോസ്റ്റ് കഠിനാധ്വാനിയാണ്. എന്നാൽ റോബിൻ വാൻപേഴ്സി, റൂഡ് വാൻ നിസ്റ്റൽറൂയ്, പാട്രിക് ക്ലൈവർട്ട്, മാർകോ വാൻ ബാസ്റ്റൻ തുടങ്ങിയ സ്ട്രൈക്കർമാരുടെ നിരയിലേക്ക് വെഗോസ്റ്റ് എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിപെയിലേക്ക് എല്ലാ പ്രതീക്ഷകളും നീളുന്നത്. നിലവിൽ ഡിപെയ്ക്ക് മുന്നേറ്റത്തിൽ നല്ല സ്വാതന്ത്ര്യം പരിശീലകൻ നൽകുന്നുണ്ട്. ഓസ്ട്രിയക്കെതിരെ ഗോളെന്നുറച്ച രണ്ട് അവസരങ്ങളാണ് പാഴാക്കിയത്. കളത്തിനുപുറത്തും അകത്തും കലഹക്കാരനാണ് ഡിപെ. പല ക്ലബ്ബുകളിലും കൂടൊരുക്കുംമുമ്പെ വീണുപോയിട്ടുണ്ട്. എങ്കിലും ഡച്ച് ടീമിലെ പ്രതീക്ഷയാണ് ഈ ഇരുപത്തേഴുകാരൻ. ഡച്ചിന്റെ തീക്കനൽ.