റിയോ ഡി ജനീറോ
ബ്രസീൽ ആനന്ദിപ്പിക്കുന്നു. മഞ്ഞയെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു. പാരമ്പര്യത്തിന്റെ പെരുമ നിലനിർത്തി ബ്രസീൽ കോപ അമേരിക്ക ഫുട്ബോളിൽ മുന്നോട്ട്. പെറുവിനെ നാല് ഗോളിന് തകർത്തു. ആദ്യ കളിയിൽ വെനസ്വേലയെ മൂന്ന് ഗോളിന് വീഴ്ത്തിയിരുന്നു. രണ്ടാം ജയം ചാമ്പ്യൻമാർക്ക് ക്വാർട്ടർ ഉറപ്പിച്ചു. അലെക്സ് സാൻഡ്രോ, നെയ്മർ, എവെർട്ടൺ റിബെയ്റോ, റിച്ചാർലിസൺ എന്നിവരാണ് മഞ്ഞപ്പടയ്ക്കായി ഗോൾ നേടിയത്. കളിയുടെ രണ്ടാം ഭാഗമായിരുന്നു മൂന്ന് ഗോളും. ഗ്രൂപ്പ് ബിയിൽ ആറ് പോയിന്റോടെ ഒന്നാമതാണ് ബ്രസീൽ.
ഖത്തർ ലോകകപ്പ് മനസ്സിലുള്ള ബ്രസീൽ പരിശീലകൻ ടിറ്റെ നയം വ്യക്തമാക്കി. പ്രധാനികളായ കാസെമിറോ, മാർകീന്വോസ്, അലിസൺ ബെക്കർ എന്നിവരെ ബെഞ്ചിലിരുത്തി. അലിസണ് പകരം കൈയുറ അണിഞ്ഞത് എഡേഴ്സണായിരുന്നു. മാർകീന്വോസിന് തിയാഗോ സിൽവയും കാസെമിറോയ്ക്ക് ഫാബീന്യോയും പകരക്കാരായി. വേഗമേറിയ കളിയായിരുന്നു ബ്രസീലിന്റേത്. വിങ്ങുകളിലൂടെയുള്ള കുതിപ്പിൽ പെറു തളർന്നുപോയി. ഗബ്രിയേൽ ജെസ്യൂസിന് വേഷം വിങ്ങറുടേതായിരുന്നു. ഈ മാഞ്ചസ്റ്റർ സിറ്റിക്കാരൻ ഒരുക്കിനൽകിയ പന്തിലാണ് സാൻഡ്രോ ആദ്യവെടി പൊട്ടിച്ചത്. ഇടവേളവരെ ബ്രസീൽ ആക്രമണത്തെ ചെറുക്കാൻ പെറുവിനായി. എന്നാൽ വിശ്രമം കഴിഞ്ഞെത്തിയ കാനറികൾ കളം കീഴടക്കി.
നെയ്മറായിരുന്നു വാണത്. ഈ ഇരുപത്തൊമ്പതുകാരന് പന്തിൽ പൂർണ നിയന്ത്രണമായിരുന്നു. ഫ്രെഡ് നീട്ടിനൽകിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറി ബോക്സിന് പുറത്തുനിന്ന് നെയ്മർ അടിതൊടുത്തു. പെറു ഗോളി പെഡ്രോ ഗല്ലെസയ്ക്ക് ഒന്നുംചെയ്യാനുണ്ടായില്ല. അവസാന നാല് മിനിറ്റിലാണ് ബ്രസീൽ ലീഡ് നാലാക്കിയത്. 23ന് കൊളംബിയക്കെതിരെയാണ് അടുത്ത കളി. കൊളംബിയ–-വെനസ്വേല പോരാട്ടം ഗോളില്ലാക്കളിയായി.