കൊച്ചി
അഗസ്റ്റസ് സീസറുടെ മോതിരമുദ്രയും റോമൻ ശിൽപ്പമാതൃകയുമൊക്കെ കണ്ടെടുത്ത പട്ടണത്തുനിന്ന് ഇനി പുതിയ പുരാവൃത്തങ്ങൾക്ക് കാതോർക്കാം. പാമ ചരിത്ര ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷമാദ്യം പട്ടണത്തും മതിലകത്തും ആരംഭിച്ച ഉൽഖനനം കോവിഡ് ഒന്നാംതരംഗത്തിൽ നിലച്ചിരുന്നു. കോവിഡ് രണ്ടാംതരംഗം ശമിക്കുന്നതോടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി പുനരാരംഭിക്കുന്ന ഉൽഖനനത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യും പാമ ഗവേഷണത്തിൽ പങ്കാളിയാകുന്നുണ്ട്.
പ്രൊഫ. ആർ വി ജി മേനോൻ അധ്യക്ഷനും ഡോ. പി ജെ ചെറിയാൻ ഡയറക്ടറുമായ പാമ ഗവേഷണകേന്ദ്രം തദ്ദേശവാസികളുടെകൂടി സഹകരണത്തോടെയാണ് പുരാതന മുസിരിസിൽ ചരിത്രശേഷിപ്പുകൾ തിരയുന്നത്. കേരള ചരിത്ര ഗവേഷണ കൗൺസിൽ 2006ലാണ് മുസിരിസിൽ ഗവേഷണമാരംഭിച്ചത്. 2015ൽ അവസാനിച്ചു. തുടർന്ന് 2020ൽ പാമ ഗവേഷണം ഏറ്റെടുത്തു. പ്രാചീന ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ലോകരാജ്യങ്ങൾ നടത്തിയ വ്യാപാര–-വാണിജ്യ–-സാംസ്കാരിക വിനിമയത്തിന്റെ വിലപ്പെട്ട ചരിത്രശേഷിപ്പുകളാണ് ഇതിനകം പട്ടണത്തും മതിലകത്തും കണ്ടെടുത്തത്.
തെക്കേ ചൈനമുതൽ സ്പെയ്ൻവരെയുള്ള വിവിധ സംസ്കാരങ്ങൾ ബിസി അഞ്ചാംനൂറ്റാണ്ടുമുതൽ സിഇ അഞ്ചാംനൂറ്റാണ്ടുവരെ പട്ടണവുമായി നടത്തിയ കൊടുക്കൽ വാങ്ങലുകളുടെ ചരിത്രമാണിത്. പാമയുടെ ഉൽഖനനത്തിനിടെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറുടെ മോതിരമുദ്രയുടെ മാതൃക പട്ടണത്ത് കുഴിച്ചെടുത്തത്. നാരീമുഖവും സിംഹത്തിന്റെ ഉടലോടുംകൂടിയ മുദ്ര ക്രിസ്തുവിനുമുമ്പ് ഒന്നാംനൂറ്റാണ്ടിനും ക്രിസ്തുവിനുശേഷം ഒന്നാംനൂറ്റാണ്ടിനുമിടയിൽ റോമിൽ രാജമുദ്രയായി ഉപയോഗിച്ചിരുന്നു. ഇതിന്റെ തദ്ദേശീയ നിർമാണമാണ് കണ്ടെത്തിയത്. ഇതിന് റോം സർവകലാശാലയിലെ പുരാവസ്തു ഗവേഷണവിഭാഗം മേധാവി പ്രൊഫ. ജൂലിയ റോഖോയുടെ സ്ഥിരീകരണവും ലഭിച്ചു. ഗ്രീക്കോ–-റോമൻ മാതൃകയിലുള്ള ചെറുശിൽപ്പത്തിന്റെ തലഭാഗവും ഇതൊടൊപ്പം പട്ടണത്ത് കണ്ടെടുത്തു.
പ്രമുഖ ചരിത്ര ഗവേഷകരെ പട്ടണം ഉൽഖനനത്തിന്റെ ഉപ ഡയറക്ടർമാരായും എഎസ്ഐ നിയോഗിച്ചിട്ടുണ്ട്. എഎസ്ഐ തൃശൂർ സർക്കിൾ മേധാവി ഡോ. കെ പി മോഹൻദാസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഭൂമിശാസ്ത്ര വിഭാഗം തലവൻ ഡോ. ലിന്റോ ആലപ്പാട്ട്, കേരള സർവകലാശാല പുരാവസ്തു വിഭാഗം അധ്യാപകരായ ഡോ. സി വി രാജേഷ്, ഡോ. ജി അഭയൻ, ഡൽഹി അമിറ്റി സർവകലാശാല ചരിത്രവിഭാഗം അധ്യക്ഷ പ്രൊഫ. വീനസ് ജയിൻ, യുകെ ക്യൂൻസ് സർവകലാശാലയിലെ ഡോ. പി ദീപക് എന്നിവരാണ് ഉപ ഡയറക്ടർമാർ.