കളമശേരി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് കഴിഞ്ഞ സാമ്പത്തികവർഷം 352 കോടി രൂപ പ്രവർത്തനലാഭം നേടി. ഇത് ഫാക്ടിന്റെ സർവകാല റെക്കോഡാണ്. ഉൽപ്പാദനത്തിലും വിപണനത്തിലും മികച്ച പ്രവർത്തനമാണ് ഈ കാലയളവിൽ കാഴ്ചവച്ചത്. 3259 കോടി രൂപയാണ് വിറ്റുവരവ്. മുൻവർഷം ഇത് 2770 കോടിയായിരുന്നു.
ഉദ്യോഗമണ്ഡലിലും കൊച്ചിൻ ഡിവിഷനിലുമായി ഫാക്റ്റംഫോസിന്റെ (20:20:0:13) ഉൽപ്പാദനം മുൻവർഷം 8.45 ലക്ഷം ടൺ ആയിരുന്നു. അത് സർവകാല റെക്കോർഡായ 8.61 ലക്ഷം ടണ്ണിലെത്തി. അമോണിയം സൾഫേറ്റിന്റെ ഉൽപ്പാദനവും സർവകാല റെക്കോഡാണ്; 2000–-2001 വർഷത്തെ 2.38 ലക്ഷം ടണ്ണിനെ മറികടന്ന് 2.46 ലക്ഷം ടൺ ആയി. മുൻകാലങ്ങളെ അപേക്ഷിച്ച് ഫാക്റ്റംഫോസ് വിപണനത്തിലും വലിയ കുതിപ്പുണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞു. 2000––01 ലെ 8.46 ലക്ഷം ടൺ എന്ന റെക്കോഡ് തകർത്ത് പോയവർഷം 9.23 ലക്ഷം ടൺ വിറ്റഴിച്ചു.
ഈ കാലയളവിൽ അമോണിയം സൾഫേറ്റ് വിപണനം 2.51 ലക്ഷം ടൺ എന്നതും സർവകാല റെക്കോഡാണ്. 2000––01ലെ 2.50 ലക്ഷം ടൺ ആണ് ഇതുവരെയുണ്ടായിരുന്ന ഉയർന്ന വിൽപ്പന. 13,238 ടൺ സിറ്റി കമ്പോസ്റ്റ് വിപണനം നടത്തി സർവകാല റെക്കോഡ് നേടി. 2018––19ലെ 13,103 ടൺ ആയിരുന്നു മുമ്പത്തെ ഉയർന്ന വിൽപ്പന. കമ്പനി ഈ കാലയളവിൽ മൊത്തം 13.50 ലക്ഷം ടൺ വളം വിറ്റു. ഇത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഉയർന്ന വിൽപ്പനയാണ്.
1.61 ലക്ഷം ടൺ (ആറ് ഷിപ്) പൊട്ടാഷ് വളം ഇറക്കുമതി ചെയ്ത് വിപണനം നടത്തിയതും സർവകാല റെക്കോഡാണ്. കാപ്രോലാക്ടം പ്ലാന്റ് ആഗസ്തിൽ ഉൽപ്പാദനം പുനരാരംഭിക്കും. പ്ലാന്റിന്റെ അറ്റകുറ്റപ്പണി, മലിനീകരണ നിരീക്ഷണത്തിനുള്ള ഓൺലൈൻ സംവിധാനം, ട്രയൽ റൺ എന്നിവ വിജയകരമായി പൂർത്തിയാക്കി. കാപ്രോലാക്ടം ഉൽപ്പാദനത്തോടെ കമ്പനി വിറ്റുവരവിൽ 500 കോടിയുടെ വർധനയും മികച്ച ലാഭവും നടപ്പുസാമ്പത്തിക വർഷത്തിലും പ്രതീക്ഷിക്കുന്നുണ്ട്.