കൊച്ചി
ഹാൾമാർക്കിങ് നിർബന്ധിതമാക്കിയതിനുപുറകെ സ്വർണാഭരണങ്ങൾക്ക് തിരിച്ചറിയൽ നമ്പറും വരുന്നു. ആഭരണങ്ങളിൽ കാരറ്റ് രേഖപ്പെടുത്തുന്നതോടൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിസിന്റെ (ബിഐഎസ്) ആറ് അക്ക തിരിച്ചറിയൽ നമ്പറും (എച്ച് യുഐഡി) രേഖപ്പെടുത്തുമെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയ ആൽഫാന്യൂമറിക് കോഡ് നമ്പറായിരിക്കും എച്ച് യുഐഡി. ഹാൾമാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ബിഐഎസ് പ്രത്യേക ആപ്പ് സജ്ജമാക്കുന്നുണ്ട്. ഈ ആപ്പിൽ എച്ച് യുഐഡി നമ്പർ നൽകിയാൽ സ്വർണാഭരണങ്ങളുടെ നിർമാതാവിനെയും ചില്ലറ വിൽപ്പനക്കാരനെയും ഹാൾമാർക്ക് ചെയ്ത സ്ഥാപനത്തെയുംകുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
ഒരു ഹാൾമാർക്ക് കേന്ദ്രത്തിന് നിലവിൽ പ്രതിദിനം 1,500 സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യാനുള്ള ശേഷിയാണുള്ളത്. രാജ്യത്തെ ആറു ലക്ഷത്തോളം സ്വർണ വ്യാപാരികളുടെ കൈവശമുള്ള 5000 ടൺ സ്വർണം എങ്ങനെ ഹാൾമാർക്ക് ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നും അതിനൊപ്പം മതിയായ അടിസ്ഥാന സൗകര്യമില്ലാതെ യുഐഡികൂടി നിർബന്ധമാക്കുന്നത് വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും സ്വർണാഭരണ വ്യാപാരികൾ പറയുന്നു.