ചണ്ഡീഗഢ്
ഒരു സ്വപ്നം ബാക്കിവെച്ചാണ് മിൽഖാസിങ്ങ് മറഞ്ഞത്. ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യക്കൊരു മെഡൽ. 1960ൽ റോമിൽ മിൽഖക്ക് നഷ്ടപ്പെട്ടത്, 1984ൽ പി ടി ഉഷയ്ക്ക് നഷ്ടപ്പെട്ടത്. രണ്ടും കൈവിട്ടത് സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന്. 1998ൽ 38 വർഷത്തിനുശേഷമാണ് പരംജിത്ത് സിങ്ങ് മിൽഖ 400 മീറ്ററിൽ സ്ഥാപിച്ച ദേശീയ റെക്കോഡ്(45.73 സെക്കൻഡ്) മറികടന്നത്. പരംജിത്തിന്റെ പുതിയ സമയം 45.70 സെക്കൻഡായിരുന്നു.
ചെറുപ്പകാല അനുഭവങ്ങൾ ജീവിതത്തിലുടനീളം മിൽഖയെ വേട്ടയാടി. 1929ൽ പഞ്ചാബ് പ്രവിശ്യയിലെ ഗോവിന്ദപുരയിലാണ് ജനനം. വിഭജനത്തെ തുടർന്നുണ്ടായ വംശീയ കലാപത്തിൽ അനാഥനായ ബാലൻ. കൺമുന്നിൽ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും സഹോദരനും കൊല്ലപ്പെടുന്നത് കണ്ട നടുക്കം. പിന്നീട് അഭയാർത്ഥി ക്യാമ്പിലും ചേച്ചിയുടെയും കൂടെ.
1951ൽ സെക്കന്തരാബാദിലെ പട്ടാള ക്യാമ്പിൽ എത്തിയതോടെ മിൽഖയിലെ അത്ലീറ്റ് ജീവനെടുത്തു. അത് ജീവിക്കാനുള്ള വഴിയായിരുന്നു. പിന്നീട് ട്രാക്കിലൂടെ രാജ്യംകണ്ട എക്കാലത്തേയും മികച്ച അത്ലീറ്റായി. 1958ൽ കട്ടക്ക് ദേശീയ ഗെയിംസിൽ 200, 400 മീറ്റുകളിൽ സ്വർണം നേടി ശ്രദ്ധേയനായി. 1962ൽ പാകിസ്ഥാന്റെ അബ്ദുൽ ഖാലിഖിനെ തോൽപ്പിച്ചതിന് പിന്നാലെ അന്നത്തെ പാക് പ്രസിഡന്റ് ജനറൽ അയൂബ് ഖാനാണ് മിൽഖയെ പറക്കും സിഖ് എന്ന് വിശേഷിപ്പിച്ചത്. 1958ലെ ടോക്യോ ഏഷ്യൻ ഗെയിംസിൽ 200മീറ്റിലും 400 മീറ്ററിലും സ്വർണമണിഞ്ഞു. 1962ൽ ജക്കാർത്തയിൽ 400 മീറ്ററിലും റിലേയിലും ഒന്നാമതെത്തി. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഏക താരമാണ്.
Credit: Wikimedia commons
കൊളംബോയിൽ നടന്ന മീറ്റിലാണ് വോളിബോൾ താരമായ നിർമൽകൗറിനെ പരിചയപ്പെടുന്നത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് 1963ൽ നിർമലിനെ ജീവിതസഖിയാക്കി. മൂന്ന് ഒളിമ്പിക്സുകളിൽ (1956, 1960, 1964) 200, 400 മീറ്ററുകളിൽ പങ്കെടുത്തെങ്കിലും റോം എക്കാലത്തും വേദനയായി അവശേഷിച്ചു. ‘ദി റൈസ് ഓഫ് മൈ ലൈഫ്’ എന്ന ആത്മകഥയും ‘ഭാഗ് മിൽഖ ഭാഗ്’ എന്ന സിനിമയും മിൽഖയുടെ ജീവിതം പറയുന്നു.