തിരുവനന്തപുരം
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് അദാനി എന്റർപ്രൈസസ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു. ഡിസംബർവരെ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. ഈ മാസമാണ് വിമാനത്താവളം ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാൽ, ഇതിനുള്ള പ്രവർത്തനം പൂർത്തിയാക്കിയിട്ടിയില്ല. എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം ഉടനുണ്ടാകും.
കോവിഡ് പ്രതിസന്ധിയാണ് സമയം തേടേണ്ടി വന്നതിന് കാരണമായി അദാനി ഗ്രൂപ്പ് പറയുന്നത്. വ്യോമയാനമേഖല നഷ്ടത്തിലായതിനാലാണ് സാവകാശം തേടിയതിന്റെ യഥാർഥ കാരണം. ജയ്പുർ, ഗുവാഹത്തി വിമാനത്താവളം ഏറ്റെടുക്കാനും സമയം തേടിയിട്ടുണ്ട്. നേരത്തേ മംഗളൂരു, അഹമ്മദാബാദ്, ലഖ്നൗ വിമാനത്താവളം ഏറ്റെടുക്കാൻ അദാനിക്ക് ആറുമാസം കൂടുതൽ അനുവദിച്ചിരുന്നു. വിമാനത്താവളം കൈമാറുന്നതിന് എതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ നിലനിൽക്കേയാണ് കേന്ദ്രം തിടുക്കത്തിൽ അദാനി എന്റർപ്രൈസസിന് കൈമാറിയത്.