കൊച്ചി
ആഴക്കടൽ ചൂഷണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന ബ്ലൂ എക്കോണമി നയം പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുമെന്ന് വിദഗ്ധർ. ഈ നയം നടപ്പായാൽ തീരദേശവാസികൾ ആവാസ വ്യവസ്ഥ നഷ്ടമായി കുടിയൊഴിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ബ്ലൂ എക്കോണമിയുടെ ഭാഗമായ ഏഴു പ്രൊജക്ടുകളിലും രാജ്യത്തെ 40 ലക്ഷംവരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെക്കുറിച്ച് ഒരു പരാമർശവും ഇല്ലെന്ന് കുഫോസ് മുൻ വി സി ഡോ. ബി മധുസൂദന കുറുപ്പ് പറഞ്ഞു. മീൻപിടിത്തത്തിനും സംസ്കരണത്തിനും മീൻകൃഷിക്കും തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ മനുഷ്യ വിഭവശേഷിയും അറിവും പ്രയോജനപ്പെടുത്താനുള്ള നിർദേശങ്ങൾ നയത്തിൽ ഇല്ല. പകരം വിദേശ കുത്തകകൾക്കും യന്ത്രവൽക്കരണത്തിനുമാണ് പ്രാധാന്യം. ഏഴു പ്രൊജക്ടുകളിലായി വരുന്ന വിവിധ പ്രവർത്തനങ്ങൾ തീരദേശത്താണ് നടക്കാൻപോകുന്നത്. കപ്പൽ നിർമാണശാലകൾ, പ്രത്യേക സാമ്പത്തിക മേഖല, വിവിധ ലോജിസ്റ്റിക് നിർമാണ യൂണിറ്റുകൾ എന്നിവയെല്ലാം തീരദേശത്ത് കേന്ദ്രീകരിക്കും. ഇത് മത്സ്യത്തൊഴിലാളികൾക്ക് തീരദേശം അന്യമാക്കും. ബ്ലൂ എക്കോണമിയുടെ ഭാഗമായ സാഗർ മാല പദ്ധതി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാതെ നടപ്പാക്കാൻ സാധ്യമല്ലെന്നും ഡോ. മധുസൂദന കുറുപ്പ് പറഞ്ഞു.
ആഴക്കടൽ ധാതു ഖനനമാണ് ഏറ്റവും ആശങ്ക ജനിപ്പിക്കുന്ന ഭാഗം. ധാതു ഖനനംമൂലം കടലിന്റെ ആവാസ വ്യവസ്ഥതന്നെ തകിടംമറിക്കപ്പെടും. ഖനനംമൂലം ഉണ്ടാകുന്ന കാർബൺ മീനുകളുടെ ആവാസ വ്യവസ്ഥ തകർക്കും. വെള്ളം മലിനമാകുന്നതോടെ തീരദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുമെന്നും ഡോ. മധുസൂദന കുറുപ്പ് പറഞ്ഞു.
പാരിസ്ഥിതിക ആഘാതം പഠിക്കാതെയുള്ള നയ രൂപീകരണത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ മത്സ്യത്തൊഴിലാളികൾക്ക് കേവലം 10 ദിവസംമാത്രമാണ് അനുവദിച്ചതെന്നും ഏഴു പ്രൊജക്ടുകൾ രൂപീകരിച്ചപ്പോൾ അവ തമ്മിൽ യോജിച്ചുപോകുമോ എന്നുപോലും കേന്ദ്രസർക്കാർ ആലോചിച്ചിട്ടില്ലെന്നും സിഎംഎഫ്ആർഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു. ഖനനം, ടൂറിസം തുടങ്ങിയ ആധുനിക വ്യവസായ മേഖലകളെ വികസിപ്പിക്കാൻ പാരമ്പര്യ വ്യവസായമായ മത്സ്യമേഖലയെ പൂർണമായും നിരാകരിച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.